വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണം: നഷ്ടമായത് നിസ്വാര്‍ഥ ജനസേവകനെ
മഞ്ചേരി: വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ഥനായ ജനസേവകനെ. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചതിനോടൊപ്പം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ മുന്നില്‍നിന്നു.
മഞ്ചേരിയിലെ മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ, ഇ. അഹമ്മദ് തുടങ്ങി ലീഗിലെ സമുന്നതരായ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തി. ഏതു നേതാവും അദ്ദേഹത്തെ പരിഗണിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും വിവിധ വകുപ്പുകളിലെ മേധാവിമാരുമായും സൗഹൃദം പുലര്‍ത്തി. ഈ സൗഹൃദം സാധാരണക്കാരന്റെ പ്രശ്നപരിഹാരത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് എപ്പോഴും മുൻഗണന നല്‍കി. ബസ് ഉടമ ആയിരുന്നെങ്കിലും തൊഴിലാളികളെ ചേര്‍ത്തുപിടിച്ചു.
പാര്‍ലമെന്‍ററി മോഹങ്ങളില്ലാതെയായിരുന്നു പാര്‍ട്ടി സേവനങ്ങള്‍. മുസ്ലിം ലീഗിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ച
അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ നല്ല പരിചയവും വിവിധ വിഷയങ്ങളില്‍ ആഴമുള്ള അറിവുമുണ്ടായിരുന്നു. ഒരു ജനപ്രതിനിധിയെപ്പോലെ നാട്ടുകാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ഉന്നതതലങ്ങളില്‍ പരിഹാരമുണ്ടാക്കാൻ പ്രയത്നിക്കുകയും ചെയ്തു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങള്‍ എം.എല്‍.എ, സി.പി. സൈതലവി, മുൻമന്ത്രി ടി.കെ. ഹംസ തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അനുശോചിച്ചു.