വേറിട്ടൊരു പ്രതിഷേധ രീതിയുമായി ഇരിങ്ങാലക്കുടക്കാര്‍
ഇരിങ്ങാലക്കുട: ചന്ദ്രോപരിതല സമാനമായ ഗര്‍ത്തങ്ങള്‍ നിറഞ്ഞ തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്, ഉത്തരവാദപ്പെട്ടവരെ ‘ചന്ദ്രനില്‍’ ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാര്‍.
ശനിയാഴ്ച രാത്രിയിലാണ് ഇരിങ്ങാലക്കുടയാൻ -1 ചന്ദ്രനില്‍ ഇറങ്ങിയത്. റോഡുകളുടെ ദുരവസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ സമരം നടത്തി മൂന്നാഴ്ച കഴിഞ്ഞിട്ടും യഥാവിധി അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ടവരാരും തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ ഇരിങ്ങാലക്കുടയാൻ-1 വിക്ഷേപണം.
ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ് ബൈക്ക് യാത്രക്കാരൻ വീണുമരിച്ച റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ചത് നാട്ടുകാരും നഗരസഭയിലെ പ്രതിപക്ഷവുമാണ്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ ഏതാനും കുഴികള്‍ താല്‍ക്കാലികമായി അടക്കാൻ കെ.എസ്.ടി.പിയും തയാറായി. പക്ഷെ എവിടെയും ശാശ്വത പരിഹാരമായിട്ടില്ല. യാത്രക്കാര്‍ ഇപ്പോഴും ദുരിതത്തില്‍തന്നെയാണ്. ക്രൈസ്റ്റ് കോളജ് ജങ്ഷൻ മുതല്‍ ഠാണാ ജങ്ഷൻ വരെയുള്ള കുഴികള്‍, ഠാണാവിലെ ട്രാഫിക് സിഗ്നലിനു സമീപെത്ത കുഴികള്‍, ബൈപാസിലെ
കുഴികള്‍, വാട്ടര്‍ അതോറിറ്റിയുടെ വക വെട്ടിപ്പൊളിച്ച, മാര്‍വെല്‍ ഏജൻസീസിനു മുന്നില്‍നിന്ന് കിഴക്കോട്ടുള്ള ഉദയ റോഡിലെ കുഴികള്‍, ക്രൈസ്റ്റ് കോളജിനു മുന്നിെല റോഡിലെ കുഴികള്‍, ഫയര്‍ സ്റ്റേഷൻ റോഡിലെ കുഴികള്‍, ഇരിങ്ങാലക്കുടയില്‍നിന്ന് കരുവന്നൂര്‍ വരെ നിരവധി കലുങ്കുകള്‍ക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികള്‍ എന്നിവ ഇപ്പോഴും അപകടാവസ്ഥയില്‍തന്നെ തുടരുകയാണ്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്ന ചില താല്‍ക്കാലിക സൂത്രപ്പണികള്‍ മാത്രമാണ് അറ്റകുറ്റപ്പണിയുടെ പേരില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതീകാത്മകമായി എം.എല്‍.എ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, എം.പി, കെ.എസ്.ടി.പി, കെ.ഡബ്ല്യു.എ, പി.ഡബ്ല്യു.ഡി എന്നിവരെയാണ് റോക്കറ്റില്‍ കയറ്റി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്.
അനില്‍ മേനത്ത്, വിജിത്ത്, മിനി ജോസ്, മനോജ്, ഷബീര്‍, ജീസ് ലാസര്‍, ശിവജി കാട്ടുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കക്ഷിരാഷ്ട്രീയ ഭേദമന്യേ പലരും
പ്രതിഷേധത്തില്‍ പങ്കെടുത്തു.