കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ പ്രതിനിധി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലുള്ള പ്രധാന പങ്കിനെയും അഭിനന്ദിച്ചു കുവൈത്തിലെ യു.എൻ സെക്രട്ടറി ജനറല്‍ പ്രതിനിധി ഘാദ അല്‍ തഹര്‍.
മാനുഷിക മേഖലയില്‍, അന്തരിച്ച അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ പാത പിന്തുടരുകയാണ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹുമെന്ന് അവര്‍ പറഞ്ഞു.
ലോകമെമ്ബാടുമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിലും പ്രത്യേകിച്ച് ആശുപത്രികളിലും സ്കൂളുകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുന്നതിലും കുവൈത്ത് എല്ലായ്പോഴും മുൻനിരയിലുണ്ട്. കുവൈത്ത് അതിന്റെ വിഷൻ-2035 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും യു.എൻ കമ്യൂണിറ്റിയിലെ സജീവ അംഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെയും ലോകമെമ്ബാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലും ചര്‍ച്ചകളിലൂടെ ഇടനിലക്കാരനായും കുവൈത്ത് പ്രധാന പങ്കുവഹിക്കുന്നു. സിറിയ, യമൻ പ്രശ്നങ്ങള്‍ പരിഹരിക്കാനും
ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങളെക്കുറിച്ചും ഘാദ അല്‍ തഹര്‍ പരാമര്‍ശിച്ചു.
2024-26ലെ യു.എൻ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം ലഭിച്ചതിന് കുവൈത്തിനെ അഭിനന്ദിച്ചു. ഗസ്സയിലേക്കുള്ള കുവൈത്ത് മാനുഷിക സഹായത്തെ അവര്‍ അഭിനന്ദിച്ചു. ചുഴലിക്കാറ്റിന്റെ കെടുതികള്‍ പരിഹരിക്കാൻ ലിബിയയിലേക്ക് സഹായം അയച്ചതും കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ടു ദശലക്ഷത്തോളം ആളുകള്‍ വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലാതെ ഉപരോധത്തില്‍ കഴിയുകയാണെന്ന് അവര്‍ ഉണര്‍ത്തി. ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമായെന്നും യു.എന്നിന് 29 ജീവനക്കാരെ നഷ്ടപ്പെട്ടതായും കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും അല്‍ തഹര്‍ പറഞ്ഞു.