മലയോര ഹൈവേ;തലയാട് -മലപ്പുറം റീച്ച് 2025ഓടെ -മന്ത്രി
താമരശ്ശേരി: മലയോര ഹൈവേയുടെ ഭാഗമായ തലയാട് -മലപ്പുറം റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം കട്ടിപ്പാറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ആകെ 1166 കിലോമീറ്റര്‍ ദൂരമുള്ള ഹൈവേക്കുവേണ്ടി 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 9.9 കിലോമീറ്റര്‍ നീളമുള്ള പ്രസ്തുത റീച്ച് 12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. 57.95 കോടി രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാല്‍, കലുങ്കുകള്‍, പാര്‍ശ്വ ഭിത്തികള്‍ എന്നിവയും നിര്‍മിക്കും. മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കും എൻ.എച്ച് 766ലേക്കും അതിവേഗം എത്തിച്ചേരാൻ സാധിക്കും.
ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ജോണ്‍ ജീവൻ ജോസഫ്, മുഹമ്മദ് മോയത്ത്, നജ്മുന്നിസ ശരീഫ്, റംസീന നരിക്കുനി, നിധീഷ് കല്ലുള്ളതോട്, ജിൻസി തോമസ്, അനില്‍ ജോര്‍ജ്, പ്രേംജി ജെയിംസ്, ടി.പി. മുഹമ്മദ് ഷാഹിം, വിഷ്ണു ചുണ്ടൻകുഴി, വി.പി. സുരജ, ദൈജ ആമീൻ, എം.കെ. ജാസില്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയര്‍ അബ്ദുല്‍ അസീസ് സ്വാഗതവും അസിസ്റ്റന്റ് എൻജിനീയര്‍ അബ്ദുല്‍ ഫുക്കാറലി നന്ദിയും പറഞ്ഞു.