അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗണ്‍ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (എച്ച്‌5 എൻ1) കണ്ടെത്തിയത്.

വൻതോതില്‍ പക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍ പക്ഷികളുടെ സ്രവങ്ങള്‍ പരിശോധിച്ചത്. യു.കെയിലെ ലാബിലാണ് സ്രവങ്ങള്‍ പരിശോധനക്കയച്ചത്.

തെക്കേ അമേരിക്കയില്‍ പക്ഷിപ്പനി വ്യാപകമാണ്. ഈ ഭാഗങ്ങളില്‍ ദേശാടനത്തിന് പോയപ്പോഴാകാം രോഗം ബാധിച്ചതെന്ന് കരുതുന്നു. ചിലി, പെറു എന്നീ സ്ഥലങ്ങളില്‍ പക്ഷിപ്പനി മൂലം 5 ലക്ഷത്തിലധികം കടല്‍പ്പക്ഷികളാണ് ചത്തൊടുങ്ങിയത്. ഇതുവരെ പക്ഷിപ്പനി അഭിമുഖീകരിക്കാത്ത അന്റാര്‍ട്ടിക്കയിലെ ജീവജാലങ്ങളെ എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല.

ദക്ഷിണ ജോര്‍ജിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള, ഫോക്ക്‌ലാൻഡ് ദ്വീപുകളില്‍ നിന്ന് 600 മൈല്‍ തെക്ക്- കിഴക്കുള്ള ദ്വീപാണ് ബേഡ് ഐലൻഡ്. പക്ഷിപ്പനി ബാധ ഇവിടെയുള്ള പെൻഗ്വിനുകളുടെയും നീര്‍നായകളുടെയും നിലനില്‍പ്പിനെ കൂടി ബാധിക്കുമോയെന്ന ആശങ്ക

ഗവേഷകര്‍ക്കുണ്ട്.

സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ചിന്‍റെ പഠനങ്ങളനുസരിച്ച്‌ പക്ഷിപ്പനി ആദ്യം ബാധിക്കുന്നത് നീര്‍നായകള്‍, കടല്‍കാക്ക എന്നിവയെയാണ്. പെൻഗ്വിനുകള്‍ക്ക് രണ്ടാം സ്ഥാനമാണ്.

ഒരുതരം ഇൻഫ്ളുവൻസ വൈറസായ ഈ രോഗം സ്രവങ്ങളില്‍ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവല്‍ എന്നിവ വഴിയും രോഗം പടരുന്നു.