‘ഒരു രൂപ ലാഭമുള്ള കമ്പനിക്കും 100 കോടി സംഭാവന ചെയ്യാം’; തെരഞ്ഞെടുപ്പ് ബോണ്ടിലെ വ്യവസ്ഥക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: നിലവിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടില്‍ ഒരു രൂപ ലാഭമുള്ള കമ്പനിക്ക് 100 കോടി രൂപ സംഭാവന ചെയ്യാനാകുമെന്ന് സുപ്രീംകോടതി.

ഒരു കമ്പനി തങ്ങളുടെ വരുമാനത്തിന്റെ 100 ശതമാനവും സംഭാവന നല്‍കുന്നത് നിയമപരമാകുമോ എന്നും അങ്ങിനെ സംഭാവന നല്‍കുന്നത് എന്തിനാണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഒരു കമ്ബനിയുടെ ഉദ്ദേശ്യം ലാഭമുണ്ടാക്കലാണെന്നും അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യലല്ലെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

നേരത്തെ ഒരു കമ്പനിക്ക് സംഭാവന ചെയ്യാവുന്ന തുകയായി മൊത്തം ലാഭത്തിന്റെ നിശ്ചിത ശതമാനം എന്നൊരു പരിധിയുണ്ടായിരുന്നുവെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. അത്തരമൊരു മാനദണ്ഡം വെച്ചത് ലാഭത്തിലോടുന്ന കമ്പനികളേ സംഭാവന നല്‍കാവൂ എന്ന നിലക്കാണ്. ആദ്യം ലാഭത്തിന്റെ അഞ്ചു ശതമാനമാണ് പരമാവധി സംഭാവനയായി നല്‍കാൻ നിശ്ചയിച്ചിരുന്നത്് പിന്നീട് അത് ഏഴര ശതമാനമാക്കി. ഇപ്പോള്‍ എന്താണ് ചെയ്തത്? സംഭാവന തെരഞ്ഞെടുപ്പ് ബോണ്ടായി നല്‍കാൻ കമ്പനി ലാഭത്തിലാകേണ്ട ആവശ്യമില്ലാതായി.

ഇപ്പോള്‍ ഒരു കമ്പനിയുടെ വിറ്റുവരവും ലാഭവുമൊക്കെ വട്ടപ്പൂജ്യമായാലും ആ കമ്പനിക്ക് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങാവുന്ന സാഹചര്യമായി. കിട്ടുന്ന വരുമാനം മുഴുവൻ രാഷ്ട്രീയ പാര്‍ട്ടിക്ക് കൊടുക്കാം എന്ന സ്ഥിതി ഇപ്പോള്‍ വന്നു.

ഇത് തടയാൻ കേന്ദ്ര സര്‍ക്കാര്‍ കമ്ബനി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. നിയമ ഭേദഗതി നിയമ നിര്‍മാണ സഭയുടെ ധര്‍മമാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ പണിയല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിന് മറുപടി നല്‍കി. മറുപടിയില്‍ തൃപ്തനാകാതെത ലാഭത്തിന്റെ നിശ്ചിത വിഹിതമേ സംഭാവന നല്‍കാവൂ എന്ന നിയമം കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ലാഭത്തിന്റെ ശതമാനക്കണക്ക് പറയാനാവില്ലെന്നും ലാഭമുണ്ടാക്കുന്ന കമ്ബനികളേ സംഭാവന നല്‍കാവൂ എന്ന നിലപാട് കേന്ദ്രത്തിന് എടുക്കാമെന്നുമായിരുന്നു എസ്.ജിയുടെ പ്രതികരണം.

കേന്ദ്രത്തിന്റെ ഈ നിലപാട് ഖണ്ഡിച്ച ചീഫ് ജസ്റ്റിസ് അങ്ങിനെയെങ്കില്‍ ഒരു രൂപ ലാഭമുണ്ടാക്കിയ കമ്ബനി 100 കോടി രൂപ സംഭാവന ചെയ്യുമല്ലോ എന്ന് തിരിച്ചടിച്ചു. എന്തിനാണ് ഒരു കമ്ബനി അത് ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാനല്ല കമ്ബനി ഉണ്ടാക്കിയതെങ്കില്‍ ലാഭത്തിന്റെ ചെറിയൊരു ഭാഗം സംഭാവന ചെയ്താല്‍ മതി എന്ന നിലക്കാണ് മുമ്പ് പരിധി വെച്ചതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

എല്ലാ സംഭാവനകളും അഴിമതിയുടെ ഭാഗമായിരിക്കും എന്ന കാഴ്ചപ്പാട് തെറ്റാണെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ചില കേസുകളില്‍ ഇത് കൈക്കൂലിയാകാം. എന്നാല്‍ ഭൂരിഭാഗം കേസുകളിലും തങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനാണ് കമ്ബനികളും കരാറുകാരും വ്യക്തികളും എല്ലാം സംഭാവന നല്‍കുന്നത്. ഒരു 10 ശതമാനം കൈക്കൂലിയായിരിക്കാം. ഏത് ഭരണത്തിലാണ് തങ്ങളുടെ നിക്ഷേപം

സുരക്ഷിതമാകുകയെന്ന് കമ്ബനികള്‍ ആലോചിക്കുമെന്നും മേത്ത വാദിച്ചു. അവസാന ദിവസം അറ്റോര്‍ണി ജനറലും കേന്ദ്രത്തിന് വേണ്ടി വാദമുഖങ്ങള്‍ നിരത്തി