ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പ് കാലം

കട്ടപ്പന: ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പിന് പാകമായി നില്‍ക്കുമ്ബോഴും പ്രതികൂല കാലാവസ്ഥയും വിലക്കുറവും വിളവെടുക്കാൻ തൊഴിലാളികളുമില്ലാതെ ദുരിതത്തിലായി കര്‍ഷകര്‍.

ഹൈറേഞ്ചിലെ ചെറുകിട കര്‍ഷകരുടെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു പഴുത്ത് വിളവെടുപ്പിന് പാകമായി. ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാര്‍ ,മേരികുളം, മാട്ടുക്കട്ട ,സ്വര്‍ണവിലാസം, സ്വരാജ് മേഖലകളിലാണ് കാപ്പിക്കുരു വിളവെടുപ്പിന് പാകമായി കൊണ്ടിരിക്കുന്നത്.

തുടര്‍ച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും മൂലം കാപ്പിക്കുരു പറിച്ചെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. കുരു പറിച്ചെടുത്താലും തുടര്‍ച്ചയായി നല്ല വെയില്‍ ലഭിച്ചാലേ ഉണക്കാനാവു. ഇല്ലെങ്കില്‍ പൂപ്പല്‍ ബാധിച്ചു അഴുകിപ്പോകും. ഇതിനൊപ്പം കാപ്പിക്കുരുവിന്‍റെ വിലയിടിവും വിളവെടുക്കാൻ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും മൂലം കര്‍ഷകര്‍ വിഷമത്തിലാണ്. മിക്ക കാപ്പിത്തോട്ടങ്ങളിലും കുരു പഴുത്തുചുവന്ന് കുലകളായി കിടക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ കുരു പറിച്ചെടുത്തില്ലെങ്കില്‍ പക്ഷികളും വവ്വാലുകളും അണ്ണാനും ഇത് ആഹാരമാക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. കാപ്പിക്കുരുവിന്‍റെ വില ഇടിഞ്ഞതാണ് കര്‍ഷകരെ എറെ ദുരിതത്തിലാക്കിയത്. കാപ്പി പരിപ്പിന് കിലോഗ്രാമിന് 140 രൂപയാണ് ലഭിക്കുന്നത്. കാപ്പി പരിപ്പിനു (റോബസ്റ്റ) കിലോഗ്രാമിന് 240 രൂപയാണ് ലഭിക്കുന്നത്. കുരുവിനു കിലോക്ക് കുറഞ്ഞത് 250 രൂപയും 500 രൂപയും വില ലഭിച്ചെങ്കിലേ കൃഷി ആദായകരമാകൂ. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുരുവിന് കിലോഗ്രാമിന് 260 രൂപ വന്നശേഷം വില ക്രമേണ താഴ്ന്ന് ഇപ്പോഴത്തെ വിലയില്‍ എത്തുകയായിരുന്നു. ഒരവസരത്തില്‍ വില 80രൂപ വരെ താഴ്ന്നത് കര്‍ഷകരില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.

വിലയില്ലാത്തതിനാല്‍ കാപ്പിക്കുരു പറിച്ചെടുത്ത് വിറ്റാല്‍ കിട്ടുന്നത് കൂലിച്ചെലവിനുപോലും തികയാത്ത സ്ഥിതിയാണ്. കൃഷി, പരിപാലന ചെലവുകൂടി കുട്ടിയാല്‍ കൃഷി കനത്ത നഷ്ടത്തിലാണ്. തുടര്‍ച്ചയായി കൃഷി നഷ്ടത്തിലായതിനാല്‍ കാപ്പി വെട്ടിക്കളഞ്ഞ് മറ്റ് കൃഷികളിലേക്ക് പലരും മാറുകയാണ്.

വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത സാഹചര്യമാണ് മറ്റൊരു പ്രശ്നം. മുമ്ബ് തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ കൃഷിപ്പണിക്കും വിളവെടുപ്പിനും ധാരാളമായി വന്നിരുന്നു. ഇവര്‍ക്ക് പൊതുവെ കുറഞ്ഞകൂലി മതിയായിരുന്നു. എന്നാല്‍, അടുത്ത നാളില്‍ തമിഴ്നാട്ടില്‍ നിര്‍മാണമേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും മെച്ചപ്പെട്ട കൂലി ലഭിക്കാനും തുടങ്ങിയതോടെ തമിഴ് തൊഴിലാളികളുടെ വരവ് കുറഞ്ഞു.

അന്തര്‍ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചുമാത്രമാണ് ഇപ്പോള്‍ വിളവെടുപ്പ്. വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതിനാല്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് വിളവെടുപ്പിക്കുന്നത് നഷ്ടമാണ്. അവര്‍ പറിച്ചെടുക്കുന്ന കുരു ഭൂരിഭാഗവും നിലത്തുവീഴും. ഇതു തിരഞ്ഞുപെറുക്കിയെടുക്കുക ദുഷ്കരമാണ്. അതിനാല്‍ വിളവെടുപ്പ് നഷ്ടത്തിലാകും.