ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലും ‘കേരളീയം’, ‘പ്രദര്‍ശനം’ ഏഴാം തീയതി വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് ഇന്നലെ തുടക്കമായപ്പോള്‍ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡിലും ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശനം. ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്‌ക്വയറില്‍ ‘കേരളീയം’ വീഡിയോ തെളിഞ്ഞത്.

കേരളീയത്തിന്റെ വീഡിയോയും ലോഗോയും പരിപാടി അവസാനിക്കുന്ന നവംബര്‍ ഏഴുവരെ ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിന്റെയും കേരളീയം മഹോത്സവത്തിന്റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അനിമേഷന്‍ വീഡിയോയും ലോഗോയും ഇന്ത്യന്‍ സമയം പകല്‍ 10:27 മുതല്‍ ഒരുമണിക്കൂര്‍ ഇടവിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടെ കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും നേട്ടങ്ങളും പുരോഗതിയും ആവിഷ്‌ക്കരിക്കുന്ന കേരളീയത്തിന്റെ സന്ദേശം വിദേശമണ്ണിലും എത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.

അതേസമയം, കേരളീയം പരിപാടി ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്തെത്തി. കേരളീയം ധൂര്‍ത്തല്ല. ഭാവിയില്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതാണെന്നും കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ വളര്‍ച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നില്‍ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നില്‍ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും മന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പല നിര്‍ദ്ദേശങ്ങളും വരുന്നുണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടികളെ കുറിച്ച് ആര്‍ക്കും ആശങ്കയില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റിയ ശേഷമാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ കാര്യം വരുന്നത്. കേരളത്തിന് തരേണ്ട സാമ്പത്തിക സഹായം കേന്ദ്രം തരാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിന് അവകാശപ്പെട്ട 40,000 കോടിയാണ് വെട്ടിക്കുറച്ചത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല, കേരളത്തിന്റെ അവകാശമാണ് നിഷേധിക്കുന്നത്. കേരളത്തിന് കേന്ദ്രം തരേണ്ട ടാക്‌സ് പണമാണ് തരാത്തത്. കേരളത്തിലെ ജനങ്ങളോട് താല്‍പ്പര്യമുണ്ടെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് ഒപ്പം നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.