പാലാ പൊലീസ് മര്‍ദ്ദനം: 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റത് ഡിവൈഎസ്പി അന്വേഷിക്കും, ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കും

കോട്ടയം: പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്.

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇന്ന് തന്നെ റിപ്പോര്‍ട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്ബാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപൻ എന്ന 17കാരനാണ് പരാതിയുമായി രംഗത്ത് വന്നത്. പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റുവെന്നുമാണ് പരാതി.

മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുനിച്ചുനിര്‍ത്തി മുതുകില്‍ മര്‍ദ്ദിച്ചെന്നാണ് കുട്ടിയുടെ പരാതി. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് അനങ്ങാൻ കഴിയുന്നില്ലെന്നും ശുചിമുറിയിലേക്ക് വരെ എടുത്ത് പിടിച്ചാണ് കൊണ്ടുപോകുന്നതെന്നും അമ്മ നിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ പൊലീസ് മര്‍ദ്ദനമെന്ന ആരോപണം കള്ളമാണെന്നാണ് പാലാ പൊലീസിന്റെ വാദം. പാര്‍ത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് പിടികൂടിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പൊലീസുകാര്‍ പറയുന്നു. പാര്‍ത്ഥിപൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയത്. പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്‌പി വ്യക്തമാക്കി.