എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനങ്ങള്‍ ഇതിനായി തയാറാവണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയാറാവണമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
വലിയ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. 20 പൈസയുടെ വര്‍ധനേയുള്ളൂ. മറ്റെല്ലാം സാധനങ്ങള്‍ക്കും വില ഉയര്‍ന്നു. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. റഗുലേറ്ററി കമീഷൻ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ടു പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
വരവ് ചെലവ് കണക്ക് നോക്കി ലാഭവും നഷ്ടവുമില്ലാതെ ഇലക്‌ട്രിസിറ്റി ബോര്‍ഡിനെ കൊണ്ടു പോകണം. അല്ലെങ്കില്‍ കടമെടുപ്പിനെ പോലും പ്രതികൂലമായി ബാധിക്കും. ചെലവ് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്നലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവംബര്‍ ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാക്കിയത്. വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ ഒരു വര്‍ഷത്തിനിടയില്‍ കെ.എസ്.ഇ.ബി സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 1044 കോടിയുടെ അധിക വരുമാനമാണ്.
പ്രതിമാസം 150 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 122 രൂപയുടെ വര്‍ധനയാണ് ഉണ്ടാകുക. നിലവില്‍ പ്രതിമാസം 150 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ 605 രൂപയാണ് എനര്‍ജി ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടത്. എന്നാല്‍, പുതിയ വര്‍ധനയോടെ ഇത് 728 രൂപയോളമാകും. അതായത് രണ്ടുമാസം കൂടുമ്ബോള്‍ വരുന്ന ഒരു വൈദ്യുതി ബില്ലില്‍ എനര്‍ജി ചാര്‍ജിന് മാത്രം 244 രൂപയുടെ വര്‍ധനയുണ്ടാകും. ഇതിനു പുറമെ രണ്ടുമാസത്തെ ഫിക്‌സഡ് ചാര്‍ജായ 170 രൂപയും നിലവില്‍ ഈടാക്കുന്ന സര്‍ചാര്‍ജും നല്‍കണം.
50 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍നിന്ന് അധികമായി അഞ്ചു പൈസ നല്‍കണം. നിലവില്‍ 35 പൈസയാണ് നിരക്ക്. അത് 40 പൈസയായി ഉയരും. 100 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് എനര്‍ജി നിരക്ക് വര്‍ധന ഇല്ലെങ്കിലും
ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിച്ചു. 10 രൂപയാണ് വര്‍ധിപ്പിച്ചത്. വാട്ടര്‍ അതോറിറ്റി, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് 15 രൂപയും ഫികസ്ഡ് ചാര്‍ജ് വര്‍ധിപ്പിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ താരിഫ് 1.5 ശതമാനം മുതല്‍ 3 ശതമാനമായി നിജപ്പെടുത്തി.
കൃഷി ആവശ്യത്തിനായി വെള്ളം പമ്ബ് ചെയ്യുന്നവര്‍, കോഴി, അലങ്കാര മത്സ്യം വളര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് അഞ്ചു രൂപ ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. എനര്‍ജി ചാര്‍ജ് വര്‍ധനയില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിംഗിള്‍ ഫേസിന് 5 രൂപയും ത്രീ ഫേസിന് 10 രൂപയും ഫിക്‌സഡ് ചാര്‍ജ് കൂട്ടി. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ലാബുകള്‍ എന്നിവക്ക് പത്തുരൂപയാണ് ഫിക്‌സഡ് ചാര്‍ജ് കൂട്ടിയത്. ത്രീ ഫേസിന് 15 രൂപയും കൂട്ടി. വാണിജ്യ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവക്കും 10 മുതല്‍ 15 രൂപവരെ ഫിക്സഡ് ചാര്‍ജ് കൂട്ടിയിട്ടുണ്ട്. പെട്ടിക്കടകള്‍, തട്ടുകള്‍ തുടങ്ങിയ എന്നിവക്കും ഫിക്‌സഡ് ചാര്‍ജ് പത്തു രൂപ കൂട്ടിയിട്ടുണ്ട്.
2023-24 ല്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് 40.6 പൈസ യൂനിറ്റിന് വര്‍ധിപ്പിക്കണമെന്നായിരുന്നു. എന്നാല്‍, റെഗുലേറ്ററി കമീഷന്‍ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. 2023 മുതല്‍ 2026-27 വരെയുള്ള നാലു വര്‍ഷക്കാലയളവിലേക്ക് എല്ലാ വര്‍ഷവും നിരക്ക് വര്‍ധന ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഈ സാമ്ബത്തിക വര്‍ഷത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്തിയാല്‍ മതിയെന്നായിരുന്നു കമീഷന്‍റെ തീരുമാനം.