റെയില്‍വേ ഗേറ്റിനടുത്തെ ഇരുമമ്പുകുറ്റി അപകടക്കെണി
ഇരവിപുരം: റെയില്‍വെ ഗേറ്റിനു സമീപം റോഡിലെ ഇരുമ്പുകുറ്റി അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വാളത്തുംഗല്‍ പുത്തൻചന്ത റെയില്‍വേ ഗേറ്റിനു സമീപത്താണ് റോഡില്‍ ഇരുമ്പുകുറ്റിയുള്ളത്.ഇതില്‍ വാഹനങ്ങള്‍ തട്ടി അപകടങ്ങളുണ്ടാകുന്നത് പതിവായി.
റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ തട്ടാതിരിക്കാൻ ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് അടയാളമായി റോഡിന് കുറുകെ സ്ഥാപിച്ച ആര്‍ച്ചിന് മുന്നിലാണ് ഇരുമ്പുകുറ്റികളുള്ളത്. അടുത്തിടെ പുതിയ ആര്‍ച്ചുകള്‍ സ്ഥാപിച്ചെങ്കിലും റോഡില്‍ തടസ്സമായി നില്‍ക്കുന്ന കുറ്റികള്‍ മാറ്റിയില്ല. മേല്‍പാല നിര്‍മാണത്തിന്‍റെ ഭാഗമായി കാവല്‍പ്പുരയിലെ റെയില്‍വേ ഗേറ്റ് അടച്ചതോടെ പുത്തൻചന്ത ഗേറ്റില്‍ വലിയ ഗതാഗത തിരക്കാണ്. റോഡില്‍ നില്‍ക്കുന്ന കുറ്റിയില്‍ തട്ടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിത്തിരിക്കുമ്പോഴാണ് അപകടങ്ങളും ഗതാഗതക്കുരുക്കുമുണ്ടാകുന്നത്. ഇത് റോഡില്‍നിന്ന് നീക്കാനാവശ്യമായ നടപടികള്‍ ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി വാളത്തുംഗല്‍ രാജഗോപാലും കോണ്‍ഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്‍റ് മണക്കാട് സലീമും റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി.