താൻ ഐ.എസ്.ആര്‍.ഒയുടെ തലപ്പത്ത് വരുന്നത് തടയാൻ ശിവൻ ശ്രമിച്ചു; എസ്. സോമനാഥ്
തിരുവനനന്തപുരം: ആത്മകഥയില്‍ ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാൻ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ ചെയര്‍മാൻ എസ്.സോമനാഥ്. 2018ല്‍ എ.എസ് കിരണ്‍ കുമാര്‍ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ കെ. ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയില്‍ വന്നുവെന്നും എന്നാല്‍ ശിവനാണ് അന്ന് ചെയര്‍മാനായതെന്നും സോമനാഥ് പറയുന്നു. 60 വയസു കഴിഞ്ഞ് എക്സ്റ്റൻഷനില്‍ തുടരുകയായിരുന്നു ശിവൻ അപ്പോള്‍. അന്ന് ചെയര്‍മാൻ സ്ഥാനത്ത് ശിവനാണ് നറുക്ക് വീണത്. ചെയര്‍മാൻ ആയ ശേഷവും ശിവൻ വി.എസ്.എസ്.സി ഡയറക്ടര്‍ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട ആ സ്ഥാനത്തേ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാൻ തയാറായില്ല. ഒടുവില്‍ വി.എസ്.എസ്.സി മുൻ ഡയറക്ടര്‍ ഡോ. ബി.എൻ. സുരേഷ് ഇടപ്പെട്ടപ്പോഴാണ് ആറു മാസത്തിന് ശേഷമാണെങ്കിലും തനിക്ക് ഡയറക്ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് നിലാവ് കുടിച്ച സിംഹങ്ങള്‍ എന്ന ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.
വേണ്ടത്ര പരീക്ഷണങ്ങളും അവലോകനങ്ങളും നടത്താതെ തിരക്കിട്ട് വിക്ഷേപിച്ചതാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്നും സോമനാഥ് വിമര്‍ശിക്കുന്നുണ്ട്.
മൂന്നുവര്‍ഷം ചെയര്‍മാൻ സ്ഥാനത്തുണ്ടായിട്ടും വിരമിക്കുന്നതിന് പകരം കാലാവധി നീട്ടാനാണ് ശിവൻ ശ്രമിച്ചതെന്നും ആരോപണമുണ്ട്. അതുപോലെ ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ സ്വീകരണപരിപാടിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തി. സോഫ്റ്റ് വെയര്‍ തകരാറാണ് ലാൻഡിങ് പരാജയത്തിന് കാരണമെന്ന് തുറന്നു പറയാൻ അന്ന് ശിവൻ തയാറായില്ല. പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് പറഞ്ഞത്.
കിരണ്‍ കുമാര്‍ ചെയര്‍മാൻ ആയിരുന്ന കാലത്ത് തുടങ്ങിയ ചന്ദ്രയാൻ പദ്ധതിയില്‍ ശിവൻ മാറ്റങ്ങള്‍ വരുത്തി. അമിതമായ പബ്ലിസിറ്റിയാണ് ചന്ദ്രയാൻ2 വിന് വിനയായതെന്നും സോമനാഥ് കുറ്റപ്പെടുത്തുന്നു. ചന്ദ്രയാൻ 3 ദൗത്യം വിജയം കണ്ടപ്പോള്‍ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും സോമനാഥ് സൂചിപ്പിച്ചു.
അതിനിടെ വിവാദത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് കെ. ശിവൻ പറഞ്ഞത്. ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്. സോമനാഥ് എന്താണ് എഴുതിയത് എന്ന് കണ്ടിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.