വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണം; 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മാലിനീകരണം രൂക്ഷമായി തുടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു.
വായു ഗുണനിലവാര സൂചിക ‘ഗുരുതരമായ’ തലത്തിലേക്ക് കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മലിനീകരണം നിയന്ത്രിക്കാനുള്ള നാലാംഘട്ട നടപടികള്‍ നടപ്പാക്കാൻ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷൻ തീരുമാനിച്ചു.
സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് കമീഷൻ നിര്‍ദേശിച്ചു. മലിനീകരണമുണ്ടാക്കുന്ന ട്രക്കുകളുടെയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നാലുചക്ര വാഹനങ്ങളുടെയും പ്രവേശനം നിരോധിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സി.എൻ.ജി, ഇലക്‌ട്രിക്, ബി.എസ് VI വാഹനങ്ങള്‍ മാത്രമേ ദേശീയ തലസ്ഥാനത്ത് അനുവദിക്കൂ. കൂടുതല്‍ നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
എല്‍.എൻ.ജി/സി.എൻ.ജി ട്രക്കുകളും അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവയും ഒഴികെയുള്ള ട്രക്കുകളുടെ ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതാണ് ജി.ആര്‍.എ.പി (GRAP 4) നിര്‍ദേശിക്കുന്നത്. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നവ/ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ ഒഴികെ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഡീസല്‍ ഓപ്പറേറ്റഡ് മീഡിയം ഗുഡ്സ് വെഹിക്കിള്‍സ് (എംജിവി), ഹെവി ഗുഡ്സ് വെഹിക്കിള്‍സ് (എച്ച്‌ജിവി) എന്നിവ ദേശീയ തലസ്ഥാനത്ത് നിരോധിക്കണം തുടങ്ങിയ കാര്യങ്ങള്‍ ജി.ആര്‍.എ.പിയുടെ ഘട്ടം 4ലെ ആക്ഷൻ പ്ലാൻ ചൂണ്ടിക്കാണിക്കുന്നു.