മുറിച്ചുമാറ്റുക 5000 മരങ്ങള്‍; ഷൊര്‍ണൂര്‍-നിലമ്ബൂര്‍ പാതയില്‍ ഇനിയില്ല ആ കാഴ്ചകള്‍

കൃഷ്ണഗുഡിയിലെ പ്രണയകാലം പറഞ്ഞും ഓര്‍മിപ്പിച്ചും ഒട്ടേറെ ട്രെയിനുകള്‍ കടന്നുപോയ വഴിയാണിത്. അതിലിരുന്ന് സ്വപ്നസഞ്ചാരം നടത്തിയ മനസ്സുകളില്‍ പുലര്‍നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍തുള്ളികള്‍ പെയ്തിട്ടുണ്ട്.
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്ന് കാതിലാരോ സ്വകാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാള്‍ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം അണിനിലാത്തിരിയിട്ട മണിവിളക്കായി മനം അഴകോടെ മിന്നിത്തുടിച്ചിട്ടുമുണ്ട്.
ഒരുകാലത്ത് കാല്പനികതയുടെ ലോകത്തേക്ക് യാത്രക്കാരനെ ചൂളംവിളിച്ചുകൊണ്ടുപോയ ആ പാത പതുക്കെ മാറുകയാണ്. ട്രെയിനുകള്‍ ഇനിയും ഇതുവഴി കടന്നുപോകും. പക്ഷേ, ആ കാഴ്ചകളൊരുക്കാൻ, അനുഭൂതി പകരാൻ ഗുല്‍മോഹറിന്റെ അരുണിമയോ പ്രകൃതിയുടെ പച്ചപ്പോ ഇനിയിവിടെ ഉണ്ടാകില്ല.
ഷൊര്‍ണൂര്‍-നിലമ്ബൂര്‍ തീവണ്ടിപ്പാത വൈദ്യുതീകരിക്കുമ്ബോള്‍ നഷ്ടമാകുന്നത് പച്ചപ്പിന്റെ മനോഹാരിതയും ഗുല്‍മോഹറിന്റെ അരുണിമയും. പാത വൈദ്യുതീകരിക്കുന്നതിന് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നാണ് ട്രാക്ഷൻ സബ് സ്റ്റേഷൻ നിര്‍മിക്കുന്നത്. ചോലക്കുളത്തുള്ള 110 കെ.വി. സബ് സ്റ്റേഷനില്‍നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുക.
ട്രാക്ഷൻ സബ് സ്റ്റേഷന്റെ നിര്‍മാണത്തിന് പ്ലാറ്റ്ഫോമിന്റെ വടക്കുവശത്തുള്ള മരങ്ങള്‍ പൂര്‍ണമായും മുറിച്ചുനീക്കി. ഇവിടെ മണ്ണ് നിരത്തി സ്ഥലം നിരപ്പാക്കല്‍ പണി അന്തിമഘട്ടത്തിലെത്തി. മേലാറ്റൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചുവപ്പു പരവതാനി പോലെ കൊഴിഞ്ഞുകിടക്കുന്ന ഗുല്‍മോഹറുകളുടെ ആ സുന്ദരകാഴ്ച ഇനിയുണ്ടാകില്ല.
പാളങ്ങള്‍ക്കിരുവശത്തുമുള്ള മരങ്ങള്‍ എണ്‍പത് ശതമാനവും മുറിച്ചുനീക്കും. അയ്യായിരത്തോളം മരങ്ങളാണ് പൂര്‍ണമായോ വലിയ ശാഖകള്‍ മാത്രമായോ മുറിച്ചുനീക്കുക. ഇവയ്ക്കു പകരം പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികളൊന്നും റെയില്‍വേ ആവിഷ്കരിച്ചിട്ടുമില്ല.
930 വൈദ്യുതിത്തൂണുകളാണ് പാതയില്‍ സ്ഥാപിക്കേണ്ടത്. മരങ്ങള്‍ മുറിച്ച ഭാഗത്ത് അവ സ്ഥാപിച്ചുതുടങ്ങി. 2024 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. നിലമ്ബൂരില്‍നിന്ന് ഷൊര്‍ണൂര്‍ വരെ 67 കിലോമീറ്ററാണുള്ളത്. നിലവില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ വണ്ടികള്‍ ഒരു മണിക്കൂര്‍ മുപ്പത്തിയഞ്ച് മിനിറ്റാണ് ഓടിയെത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ ഇത് ഒരു മണിക്കൂര്‍ പത്ത് മിനിറ്റായി കുറയും.
രാജ്യറാണി ഉള്‍പ്പെടെ 14 തവണയാണ് ഈ പാതയില്‍ നിലവില്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ മെമു ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.