കളമശ്ശേരി ബോംബ് ആക്രമണം: ഡൊമിനികിനെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: കളമശ്ശേരി ബോംബ് ആക്രമണക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതിക്ക് പണം എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, അഭിഭാഷകനെ ആവശ്യമില്ലെന്ന് പ്രതി കോടതിയില്‍ ആവര്‍ത്തിച്ചു.
പ്രതിക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 29 ഞായറാഴ്ചയാണ് കളമശ്ശേരി സംറ കണ്‍വെൻഷൻ സെന്‍ററില്‍ യഹോവ സാക്ഷികള്‍ തിങ്ങിനിറഞ്ഞ ഹാളില്‍ ഡൊമിനിക് മാര്‍ട്ടി ബോംബ് ആക്രമണം നടത്തിയത്. പ്രാര്‍ഥനസമയത്ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് മൂന്ന് സ്ഫോടനങ്ങളാണ് നടത്തിയത്. സ്ഫോടനത്തില്‍ നാലു പേരാണ് മരിച്ചത്. അറുപതോളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
ആദ്യം നടത്തിയ സ്ഫോടന ശ്രമം പാളിയിരുന്നെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ബോംബിന്‍റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നുപോകുകയായിരുന്നെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. പിന്നീട് സ്ഫോടക വസ്തുവിലെ സ്വിച്ച് ഓണ്‍ ചെയ്താണ് സ്ഫോടനം നടത്തിയത്.