അറ്റകുറ്റപ്പണിയില്ല; വടുതല ജങ്ഷൻ-കുടപുറം റോഡ് പൊളിഞ്ഞു
വടുതല: പണിതീര്‍ന്ന് ഒരുവര്‍ഷം തികയും മുമ്പേ തകര്‍ന്ന് തുടങ്ങിയ വടുതല ജങ്ഷൻ-കുടപുറം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു.
തുടര്‍ അറ്റകുറ്റപ്പണി (റണ്ണിങ് മെയിന്‍റനൻസ്) കരാറോടെ പൂര്‍ത്തീകരിച്ച റോഡായിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല. കോണ്‍ട്രാക്ടറും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതാണ് ദുഃസ്ഥിതിക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മൂന്നുവര്‍ഷം മുമ്ബ് നിര്‍മാണം പൂര്‍ത്തിയായ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് എട്ട് മാസമാകുന്നു.
ഇതുവരെ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു. റോഡിലെ കുഴികളില്‍ വീഴാതിരിക്കാൻ ഇരുചക്ര വാഹനയാത്രികര്‍ വാഹനം എതിര്‍ദിശയിലേക്ക് തെറ്റിക്കുമ്ബോഴുണ്ടാകുന്ന അപകടങ്ങളാണ് കൂടുതല്‍. പണി പൂര്‍ത്തീകരിച്ച പൊതുമരാമത്ത് വകുപ്പിന്‍റെ റോഡില്‍ കരാറുകാരന്‍റെ മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടെ സ്ഥാപിച്ചതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തുടര്‍ അറ്റകുറ്റപ്പണി ഒന്നും നടന്നിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാല്‍ ഉടൻ ശരിയാക്കുമെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നതത്രേ. നിര്‍മാണം നടത്തിയ ആളല്ല അറ്റകുറ്റപ്പണിയുടെ കരാര്‍ എടുത്തിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി ആറു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പുല്ലുകള്‍ വെട്ടിയെന്നും മഴ കഴിഞ്ഞാലുടൻ പുനര്‍ നിര്‍മാണം ആരംഭിക്കുമെന്നുമാണ് അറ്റകുറ്റപ്പണിയുടെ കരാര്‍ എടുത്തയാള്‍ പറയുന്നത്. നിര്‍മാണവും അറ്റകുറ്റപ്പണിയും രണ്ട് കരാറുകാരായതാണ് പ്രശ്നമെന്ന് നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റപ്പണിയുടെ കരാര്‍ എടുത്തയാളെക്കൊണ്ട് പണിനടത്തിക്കാൻ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.