കരുവന്നൂരിന് പിന്നാലെ കണ്ടലയിലേക്കും ED; സഹകരണ ബാങ്കിലെ പരിശോധന കേന്ദ്രസേനയുടെ സുരക്ഷയില്‍

തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലും ഇടപെടലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി.റെയ്ഡ്. കേന്ദ്രസേനയുടെ സുരക്ഷയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.

സി.പി.ഐ. ഭരിക്കുന്ന കണ്ടല സര്‍വീസ് സഹകരണബാങ്കില്‍ 100 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 അധികം നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലാത്ത നിക്ഷേപകര്‍ നല്‍കിയ പരാതിയിലാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിമുതല്‍ തന്നെ പരിശോധന ആരംഭിച്ചിരുന്നു. ബാങ്കിലെ മുൻ ഉദ്യോഗസ്ഥരുടേയും ഇവരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും കേന്ദ്രസാന്നിധ്യത്തിലാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. കേരള പോലീസ് അപ്പാടെ പരാജയമാണെന്നാണ് ഇ.ഡി. പരിശോധനയ്ക്ക് എത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പറഞ്ഞു.

മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ 64 ഓളം എഫ്.ഐ.ആര്‍. ഇട്ടിട്ടുണ്ട്. പരാതിക്കാര്‍ക്കൊപ്പം നിന്നതിന് ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനും മകനും തന്നെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചു. നിക്ഷേപകരുടെ പരാതിയില്‍ ഇതുവരെ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടായിട്ടില്ല. സഹകരണ വകുപ്പിനും രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിലൊന്നും നടപടിയില്ലാത്തതിനെത്തുടര്‍ന്ന് ഇ.ഡിക്ക് നിക്ഷേപകര്‍ ഒറ്റയ്ക്കും കൂട്ടമായും നല്‍കിയ പരാതിയിലാണ് റെയ്ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.