നാല്‍പതുവര്‍ഷമായി അനുഭവിക്കുന്ന ദുരിതം; ആരോഗ്യാവസ്ഥ പങ്കുവെച്ച്‌ സീനത്ത് അമൻ

പ്രശസ്ത ബോളിവുഡ് താരം സീനത്ത് അമൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടേയുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

ഇതിനിടെ സീനത്ത് അമന്റെ ആരോഗ്യം സംബന്ധിച്ച്‌ പല ഊഹാപോഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്നത്തേക്കുറിച്ച്‌ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് സീനത്ത് അമൻ.

നാല്‍പതുവര്‍ഷമായി താൻ അനുഭവിക്കുന്ന ആരോഗ്യപ്രശ്നത്തേക്കുറിച്ചാണ് സീനത്ത് അമൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോസിസ്(ptosis) എന്നു വിളിക്കുന്ന കണ്ണിനെ ബാധിക്കുന്ന പ്രശ്നമാണ് സീനത്ത് അമന്റേത്. ഒരു അപകടത്തിനു പിന്നാലെ വലതുകണ്ണിനു ചുറ്റുമുള്ള പേശികള്‍ക്ക് തകരാറാറു സംഭവിച്ചതാണ് തനിക്ക് ടോസിസ് ബാധിക്കാൻ കാരണമായതെന്ന് സീനത്ത് അമൻ പറയുന്നു.

വര്‍ഷങ്ങളോളമായി താൻ ഈ അവസ്ഥയുമായി ജീവിക്കുകയാണ്. കണ്‍പോള വലിഞ്ഞുതൂങ്ങുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലംകഴിയുംതോറും അത് വഷളായി തന്റെ കാഴ്ചയെപ്പോലും ബാധിക്കുന്ന രീതിയില്‍ തീവ്രമായെന്നും സീനത്ത് അമൻ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്ബേ ചികിത്സ തുടങ്ങിയതാണെങ്കിലും വിജയകരമായില്ലെന്നും ഏപ്രിലില്‍

കണ്‍പോള ഉയര്‍ത്താൻ ചെയ്ത സര്‍ജറിയോടെ ഫലംകണ്ടുതുടങ്ങിയെന്നും സീനത്ത് അമൻ വ്യക്തമാക്കി.

എന്താണ് ടോസിസ്?

കണ്‍പോള വലിഞ്ഞുതൂങ്ങുന്ന അവസ്ഥയാണിത്. രണ്ടു കണ്ണുകളേയും ബാധിക്കാൻ സാധ്യതയുണ്ട്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങള്‍, മസിലുകള്‍ ക്ഷയിക്കുന്നത്, നാഡികള്‍ക്കുണ്ടാകുന്ന തകരാര്‍, ജന്മനായുള്ള പ്രശ്നങ്ങള്‍ തുടങ്ങി പലകാരണങ്ങള്‍ കൊണ്ടും ബാധിക്കാം.

ടോസിസ് തീവ്രമാകുന്നതിനനുസരിച്ച്‌ കാഴ്ച്ചയെ ബാധിക്കുകയും ചെയ്യാം. മതിയായ ചികിത്സ തേടുന്നത് ഗുണം ചെയ്യും. ചിലരില്‍ സര്‍ജറി വരെ വേണ്ടിവന്നേക്കാം. ടോസിസ് ഉണ്ടെന്നു സംശയം തോന്നിയാല്‍ നേത്രരോഗവിദഗ്ധനെ കണ്ട് സ്ഥിരീകരണം നടത്തി മതിയായ ചികിത്സ തേടേണ്ടതാണ്.