റോഡ് സുരക്ഷ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം; പത്തുവരെ പഠിപ്പിക്കാൻ കൈപ്പുസ്തകമായി
തിരുവനന്തപുരം: പത്തുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
ഇതിന്റെ കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കി. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിനാണ് (നാറ്റ്പാക്ക്) പരിശീലന ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ 7000 അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
റോഡ് സുരക്ഷാ അതോറിറ്റിയാണ് പുസ്തകം അച്ചടിക്കുക. റോഡ് സുരക്ഷ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കൻഡറിക്ക് പ്രത്യേക പുസ്തകം ഉണ്ടെങ്കിലും പത്തുവരെയുള്ള ക്ലാസുകളില്‍ അങ്ങനെ ഉണ്ടാകില്ല. പകരം കൈപ്പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ അധ്യാപകര്‍ പഠിപ്പിക്കും. പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ പഠനരീതിയും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകം തയ്യാറാക്കുന്നതില്‍ എസ്.സി.ഇ.ആര്‍.ടി.യും പങ്കാളിയായിരുന്നു.
റോഡ് സുരക്ഷയില്‍ അധ്യാപകര്‍ക്ക് പ്രായോഗിക പരിശീലനവും നല്‍കും. ആദ്യ ബാച്ചിലെ അധ്യാപകര്‍ സ്കൂളിലെ മറ്റ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. 2021-ലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാൻ തയ്യാറാക്കിയ കര്‍മ പദ്ധതിയുടെ ഭാഗമാണ് സ്കൂള്‍തലങ്ങളിലെ റോഡ് സുരക്ഷാ പഠനം.