‘റെയില്‍വേ പാളം ഇതിനുള്ള സ്ഥലമല്ല’; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്

റെയില്‍വെ പാളത്തില്‍ ഒരു യൂട്യൂബര്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. വീഡിയോ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോര്‍ത്ത് വെസ്റ്റേണ്‍ ഡിവിഷന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ യഷ് എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തു.

സ്റ്റുപ്പിഡ് ഡിടിഎക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. റെയില്‍വേ ആക്‌റ്റിലെ 145, 147 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍ ക്യാപ്റ്റൻ ശശി കിരണ്‍ വ്യക്തമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റെയില്‍വേ ട്രാക്കിന് കേടുപാടുകള്‍ വരുത്തിയാല്‍ തടവുശിക്ഷ ലഭിക്കും. ഒപ്പം പിഴ ഈടാക്കുകയും ചെയ്യും. റെയില്‍വെ ട്രാക്കില്‍ ഇത്തരം അപകടകരമായ വീഡിയോ ചിത്രീകരിച്ച്‌ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് പബ്ലിക് റിലേഷൻസ് ഓഫീസര്‍ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ഫുലേര – അജ്മീര്‍ പ്രദേശത്തെ ദന്ത്രാ സ്‌റ്റേഷന് സമീപമാണ് യൂട്യൂബര്‍ യാഷ് വീഡിയോ ചിത്രീകരിച്ചത്. ട്രാക്കിന്റെ മധ്യത്തില്‍ വച്ച്‌ പടക്കത്തിന് തീ കൊടുത്തു. തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പാമ്ബിന്‍റെ രൂപത്തിലായിരുന്നു ചാരം. 33 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിവിധ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തില്‍ പെരുമാറുന്ന എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോര്‍ത്ത് വെസ്റ്റേണ്‍ ഡിവിഷനെ പലരും ടാഗ് ചെയ്തു.

സെല്‍ഫികളും വീഡിയോകളും എടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറി അപകടത്തില്‍ മരിച്ച നിരവധി പേരുടെ വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം പ്രവണതകള്‍ക്ക് അവസാനമില്ല. റെയില്‍വേ ആക്‌റ്റിലെ സെക്ഷൻ 145, 147 പ്രകാരം റെയില്‍വേ ട്രാക്കുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.

റെയില്‍വേ ട്രാക്കുകളില്‍ ഒരു സെല്‍ഫിക്കോ
ഒരു വീഡിയോയ്ക്കോ വേണ്ടി ജീവൻ അപകടത്തിലാക്കുന്നതിനെതിരെ ഇന്ത്യൻ റെയില്‍വേ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും കുറ്റകൃത്യങ്ങള്‍ക്ക് അവസാനമാകുന്നില്ല.