ഗർഭിണിയായ യുവതിയുടെ സിസേറിയൻ കഴിഞ്ഞു, ദിവസങ്ങൾക്ക് ശേഷം എച്ച്ഐവി ബാധിതയെന്ന് വെളിപ്പെടുത്തി, ആശങ്ക !
ഭോപ്പാൽ: അണുബാധയുള്ള വിവരം മറച്ചുവച്ച് എച്ച്ഐവി പോസിറ്റീവ് ആയ സ്ത്രീ ശസ്ത്രക്രിയക്ക് വിധേയയായി. മധ്യപ്രദേശിലെ മോവിലുള്ള സർക്കാർ ആശുപത്രി അധികൃതരിൽ നിന്ന് അണുബാധ വിവരം മറച്ചുവച്ചാണ് സി-സെക്ഷൻ ഡെലിവറി നടത്തിയത്. വ്യാഴാഴ്ച യുവതി ഇത് വെളിപ്പെടുത്തിയതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ സർജിക്കൽ ഓപ്പറേഷൻ തിയേറ്റർ അടച്ചുപൂട്ടി സീൽ വച്ചു. ശസ്ത്രക്രിയിയിൽ പങ്കെടുത്ത ഡോക്ടർമാരടക്കമുള്ള ജീവനക്കാർ ആശങ്കയിലാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രോഗികളുടെ തിരക്ക് മൂലം എല്ലാ സാഹചര്യങ്ങളിലും നിർബന്ധിത എച്ച്ഐവി പരിശോധന സാധ്യമല്ലെന്നും അങ്ങനെയാണ് ഇത്തരമൊരു സംഭവത്തിലേക്ക് കാര്യങ്ങളെത്തിയതെന്നും ആശുപത്രി ഇൻ ചാർജ് ഡോ. യോഗേഷ് സിംഗാരെ പറഞ്ഞു. നവംബർ 4- നാണ് ശസ്ത്രക്രിയ നടന്നത്. എന്നാൽ വ്യാഴാഴ്ചയാണ് യുവതി എച്ച്ഐവി അണുബാധയെ കുറിച്ച് വിവരങ്ങൾ നൽകിയത്. യുവതിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റായ ഡോ. സീമ സോണിയോട് വിശദീകരണം തേടിട്ടുണ്ടെന്നും യോഗേഷ് സിംഗാരെ പറഞ്ഞു.
അതേസമയം, തനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സീമ സോണി വിശദീകരിക്കുന്നത്.ആ യുവതിയോ അവരുടെ ഭർത്താവോ എച്ച്ഐവി പോസിറ്റീവ് ആണെന്ന് എന്നോട് പറഞ്ഞിരുന്നില്ല. അല്ലെങ്കിൽ ഞാൻ എന്തിനാണ് ഈ വസ്തുത ആശുപത്രി ജീവനക്കാരിൽ നിന്ന് മറച്ച്, എന്റെ സ്വന്തം ജീവൻ കൂടി അപകടത്തിലാക്കുന്നത് എന്നും ആരോടും ഉത്തരം പറയാൻ തയ്യാറാണെന്നും സോണി വിശദീകരിക്കുന്നു.
ഡോക്ടറെ കൂടാതെ നാല് നഴ്സുമാരും സി സെക്ഷൻ ശസ്ത്രക്രിയയിൽ പങ്കെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒടി ഹെഡ് ടെക്‌നീഷ്യൻ അശോക് കാക്‌ഡെയും ഒരു നഴ്‌സും തങ്ങളുടെ കുടുംബങ്ങളിൽ മാറി നിൽക്കുകയാണെന്ന് പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇതൊരു പേടിസ്വപ്നം പോലെ തോന്നുന്നു. ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും രക്ഷിക്കാൻ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും കാക്‌ഡെ പറഞ്ഞു.