ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ സെമിയിലെത്താതെ ഏറെക്കുറെ പുറത്തായി. ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 23.2 ഓവറില്‍ മറികടന്നതോടെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വന്‍മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി എന്തെങ്കിലും സാധ്യത ബാക്കിയുള്ളു.
പ്രാഥമിക റൗണ്ടിലെ ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്‍റുമായി നിലവില്‍ നാലാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് ++0.743. എട്ട് പോയന്‍റുള്ള പാകിസ്ഥാന്‍റെ നെറ്റ് റണ്‍ റേറ്റാകട്ടെ +0.036 ആണ്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ ജയിച്ചാലും ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍ റേറ്റ് മറികടക്കും പാകിസ്ഥാന് എളുപ്പമാകില്ല.
ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ടിനെതിരെ 287 റണ്‍സിന്‍റെ ജയമെങ്കിലും നേടിയാലെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനാവു. അതായത് ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സടിച്ചാലും ഇംഗ്ലണ്ടിനെ 13 റണ്‍സിന് ഓള്‍ ഔട്ടാക്കേണ്ടിവരും. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ട് ഉയര്‍ത്തുന്ന സ്കോര്‍ വെറും 2.3 ഓവറില്‍ മറികടക്കേണ്ടിയും വരും. മഴമൂലം മത്സരം ഉപേക്ഷിക്കുകയോ ഓവറുകള്‍ വെട്ടിക്കുറക്കുകയോ ചെയ്താലും പാകിസ്ഥാന്‍റെ നില പരുങ്ങലിലാകും.
അഫ്ഗാനിസ്ഥാന് പാകിസ്ഥാനെക്കാള്‍ വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്. പാതിസ്ഥാനൊപ്പം എട്ട് പോയന്‍റുണ്ടെങ്കിലും അഫ്ഗാനിസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് -0.338 മാത്രമാണ്. ഇന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ 10 പോയന്‍റാവുമെങ്കിലും വെറും ജയം കൊണ്ട് അഫ്ഗാനും സെമിയിലെത്താനാവില്ല.ദക്ഷിണാഫ്രിക്കയെ കുറഞ്ഞത് 434 റണ്‍സിനെങ്കിലും ജയിച്ചാലെ ന്യൂസിലന്‍ഡിനെയും പാകിസ്ഥാനെയും നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാന്‍ അഫ്ഗാനാവു. ഇത് രണ്ടും അസാധ്യമാണെന്നതിനാല്‍ സാങ്കേിതകമായി പുറത്തായെന്ന് പറയാനാവില്ലെങ്കിലും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇനി സെമി സാധ്യതയില്ലെന്ന് തന്നെ പറയാം.