സൗദി-ആഫ്രിക്കൻ ഉച്ചകോടി റിയാദില്‍: ആഫ്രിക്കക്ക് സൗദിയുടെ 100 കോടി ഡോളറിന്റെ വികസന പദ്ധതി

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളില്‍ 100 കോടി ഡോളറിെൻറ വികസന പദ്ധതി പ്രഖ്യാപിച്ച്‌ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ.

റിയാദില്‍ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയില്‍ സല്‍മാൻ രാജാവിെൻറ നാമധേയത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന വമ്ബൻ വികസന പദ്ധതി പ്രഖ്യാപിച്ചത്. വിവിധ തലങ്ങളില്‍ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധം വളര്‍ത്തിയെടുക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലും ലോകമെമ്ബാടും സുരക്ഷിതത്വവും സമാധാനവും സ്ഥാപിക്കുന്നതിന് സംഭാവന നല്‍കാനാണ് ഈ പ്രതിബദ്ധത ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചകോടിയില്‍ പങ്കെടുത്ത ആഫ്രിക്കൻ രാജ്യത്തലവന്മാര്‍ സൗദി കിരീടാവകാശിക്കൊപ്പം

ഇതിന് പുറമെ ആഫ്രിക്കയില്‍ വിവിധ മേഖലകളിലായി 25 ശതകോടി ഡോളറിലധികം നിക്ഷേപം നടത്താനും സൗദി അറേബ്യക്ക് പദ്ധതിയുണ്ട്. അവിടെ നിന്നുള്ള കയറ്റുമതിക്കായി 10 ശതകോടി ഡോളറിെൻറ ധനസഹായവും ഇൻഷുറൻസും സൗദി നല്‍കും. 2030 വരെ ആഫ്രിക്കക്ക് അഞ്ച് ശതകോടി ഡോളര്‍ അധിക വികസന ധനസഹായം നല്‍കുകയും ചെയ്യുമെന്നും കിരീടാവകാശി വ്യക്തമാക്കി.

കൂടാതെ, ആഫ്രിക്കയിലെ നയതന്ത്ര സാന്നിധ്യം വിപുലീകരിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വൻകരയിലെ സൗദി എംബസികളുടെ എണ്ണം 40 ആയി ഉയര്‍ത്തി. 54 ആഫ്രിക്കൻ രാജ്യങ്ങളിലെ വികസനപരവും മാനുഷികവുമായ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ 4,500 കോടി ഡോളര്‍ ഇതുവരെ നല്‍കിയിട്ടുണ്ടെന്നും കിരീടാവകാശി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളുടെ കടം പരിഹരിക്കുന്നതിന് ഏറ്റവും നൂതനമായ പരിഹാരമാര്‍ഗങ്ങളെ സൗദി അര്‍പ്പണബോധത്തോടെ പിന്തുണയ്ക്കുകയാണെന്നും അതത് രാജ്യങ്ങള്‍ക്ക് അവരുടെ വിഭവങ്ങളും സ്വയം കഴിവുകളും വികസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സ മുനമ്ബിലെ സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള സൈനീകാക്രമണങ്ങളെ അപലപിച്ച അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇസ്രായേല്‍ അധിനിവേശകര്‍ തുടരുന്ന ലംഘനങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘വേള്‍ഡ് എക്‌സ്‌പോ 2030’ന് റിയാദില്‍ ആതിഥേയത്വം വഹിക്കാൻ ഞങ്ങള്‍ ലക്ഷ്യമിടുന്നതായും ഭാവിയെ സങ്കല്‍പ്പിക്കാൻ സംഭാവന ചെയ്യുന്ന അഭൂതപൂര്‍വവും അസാധാരണവുമായ ഒരു പതിപ്പായിരിക്കും അതെന്നും കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.