ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു, 22കാരന് ദാരുണാന്ത്യം
വർക്കല: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വർക്കല പാലച്ചിറ പുഷ്പക വിലാസത്തിൽ സന്തോഷിന്റെയും അരുവിയുടെയും മകൻ സരുൺ(22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. നരിക്കല്ലു മുക്കിൽ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് ബൈക്കിൽ വരികയായിരുന്ന സരുൺ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് അപകടത്തേക്കുറിച്ച് പൊലീസ് പറയുന്നത്.
അപകടത്തിന്റെ ആഘാതത്തിൽ സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണ സരണിനെ ഉടൻ നാട്ടുകാർ ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വർക്കല ഗവ ഐടിഐയിലെ വിദ്യാർഥിയായിരുന്നു സരുൺ. എസ്എഫ്ഐ വർക്കല ഗവ. ഐ.ടി.ഐ. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഐടിഐ യൂണിയൻ കൗൺസിലറുമായിരുന്നു. മികച്ച ബോഡി ബിൽഡറായിരുന്ന സരുൺ 2022-ൽ മിസ്റ്റർ കോട്ടയമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിതാവ് സന്തോഷ് വിദേശത്താണ്. സഹോദരൻ: സൂര്യൻ.
മറ്റൊരു സംഭവത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോൾ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ ചരക്കുലോറി പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചേർത്തലയിൽ അപകടമുണ്ടാക്കിയ ലോറിയാണ് സംഭവം നടന്ന് 18 ദിവസങ്ങൾ പിന്നിട്ട ശേഷം കണ്ടെത്തിയത്. ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിനു സമീപം ഒക്ടോബർ 18ന് പുലർച്ചെ 3.15-നായിരുന്നു അപകടമുണ്ടായത്. ആലപ്പുഴ പുന്നപ്രസ്വദേശിയായ അനിരുദ്ധൻ(75)ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ അനിരുദ്ധൻ ചികിത്സയിലിരിക്കേ മരിച്ചിരുന്നു.