യുവതിയും മകളും കിണറ്റില്‍ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കളനാട് അരമങ്ങാനത്ത് അധ്യാപികയായ യുവതിയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍.
സ്വകാര്യ സ്കൂള്‍ അധ്യാപകൻ ബാര എരോല്‍ ജുമാ മസ്ജിദിന് സമീപത്തെ സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനും തെളിവു നശിപ്പിച്ചതിനുമാണ് പ്രതിയെ മേല്‍പറമ്ബ പൊലീസ് ഇൻസ്പെക്ടര്‍ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന അരമങ്ങാനത്തെ റുബീനയെയും അഞ്ചര വയസ്സുള്ള മകള്‍ ഹനാന മറിയത്തിനെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അരമങ്ങാനത്തെ വീട്ടില്‍നിന്ന് പുലര്‍ച്ചെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് അബ്ദുല്‍റഹ്മാൻ മേല്‍പറമ്ബ പൊലീസില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനിടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്.
അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ബോധ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് പിന്നീട് പൊലീസില്‍ നല്‍കിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃമതിയായ യുവതി ഒമ്ബത് വര്‍ഷമായി സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അധ്യാപകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി.
അടുത്തിടെ അധ്യാപകൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇത് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റിങ്ങുകള്‍ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
യുവാവിനെതിരെ കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. മൊഴി എടുക്കുന്നതിനായി ബുധനാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അധ്യാപകനെ വിശദമായ ചോദ്യംചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകള്‍ നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. കേസന്വേഷണ സംഘത്തില്‍ സി.ഐ ടി. ഉത്തംദാസിനോടൊപ്പം എസ്.ഐ വി.കെ. വിജയൻ, സീനിയര്‍ സിവില്‍ പൊലീസുകാരായ പ്രദീപ് കുമാര്‍, വി. സീമ, പ്രശാന്തിനി എന്നിവരുമുണ്ടായിരുന്നു.