അറുതിയില്ലാതെ അവഗണന: വഴിവിളക്കുകള്‍ മിഴിപൂട്ടി; അറ്റകുറ്റപ്പണി നീളുന്നു
കല്ലടിക്കോട്: കരിമ്ബ ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകള്‍ മിഴിയടച്ചു. ഉള്‍നാടൻ ഗ്രാമങ്ങളിലും വഴിവിളക്കുകള്‍ കത്താതായതായി വ്യാപക പരാതി.
ആഴ്ചകളോളം കേടായ വഴിവിളക്കുകള്‍ നിരവധിയാണ്. മാസങ്ങളായി പാതകള്‍ പലതും രാത്രിയായാല്‍ ഇരുട്ടിലാണ്.
പലയിടങ്ങളിലും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മണ്ഡലകാലം വരുന്നതോടെ അതിരാവിലെയും സന്ധ്യക്കും ക്ഷേത്രദര്‍ശനത്തിന് ഭക്തര്‍ കാല്‍നടയായി പോകാനിടയുള്ള മിക്ക വഴികളും ഇരുട്ടിലാണ്. മലയോരമേഖലയില്‍ വഴിവിളക്കുകളില്ലെന്ന് കര്‍ഷകര്‍ക്കും ആക്ഷേപമുണ്ട്.
ഇരുട്ടിയാല്‍ കാട്ടാന അടക്കം വന്യമൃഗങ്ങളുടെ ശല്യവും കൂടിയതായി കര്‍ഷകര്‍ പറയുന്നു. പ്രധാന ജങ്ഷനുകളില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് അപകടങ്ങള്‍ക്ക് നിമിത്തമാവുന്നുണ്ട്. കല്ലടിക്കോട് ദീപ കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായി.
വഴിവിളക്കുകള്‍ കത്താതായതോടെ പ്രധാന കവലകളില്‍ സന്ധ്യ മയങ്ങിയാല്‍ പരിസരത്തെ സ്ഥാപനങ്ങളിലെ വിളക്കുകളാണ് ഇരുളകറ്റുന്നത്. അതേസമയം, കരിമ്ബ ഗ്രാമപഞ്ചായത്തില്‍ 1700 വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കരിമ്ബ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ പറഞ്ഞു.
കണ്ണിയംപുറം-സൗത്ത് പനമണ്ണ വട്ടനാല്‍ റോഡിലെ പാലം
നിലവില്‍ പ്രതിവര്‍ഷം നാലരലക്ഷം രൂപ വഴിവിളക്കുകള്‍ക്ക് മാത്രമായി നീക്കിവക്കുന്നു. ഉടൻതന്നെ ദര്‍ഘാസ് ക്ഷണിച്ച് തെരുവുവിളക്കുകള്‍ നന്നാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തോട്ടുപാലം അപകടഭീഷണിയില്‍
ഒറ്റപ്പാലം: കണ്ണിയംപുറം-സൗത്ത് പനമണ്ണ വട്ടനാല്‍ റോഡിലെ കാലപ്പഴക്കം ചെന്ന തോട്ടുപാലം അപകടഭീഷണിയില്‍. പാലത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനക്കമില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
പനമണ്ണ-കോതകുറുശ്ശി-ചെര്‍പ്പുളശ്ശേരി റൂട്ടിലെ ബസുകളുള്‍പ്പടെ വിവിധ വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയിലെ പാലമാണിത്. നഗരസഭയുടെ 36 വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൗത്ത് പനമണ്ണയിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറില്‍ എത്തിക്കാനുള്ള വാഹനങ്ങളും ഈ വഴിവരും.
അടുത്ത കാലത്തായി പ്രദേശത്ത് അരി ഗോഡൗണ്‍ കൂടി ആരംഭിച്ചതോടെ പാലത്തെക്കുറിച്ച നാട്ടുകാരുടെ ആശങ്കയും ഏറി. ഗോഡൗണിലേക്ക് വരുന്നതും തിരികെ റേഷൻ കടകളിലേക്ക് റേഷൻ സാധനങ്ങള്‍ കൊണ്ടുപോകുന്നതുമായ അമിത ഭാരം വഹിച്ചുള്ള ലോറികള്‍ പാലത്തില്‍ കൂടി സഞ്ചരിക്കുന്നതാണ് ആശങ്കക്ക് കാരണമാകുന്നത്.
നഗരസഭയിലെ 32ാം വാര്‍ഡിലുള്ള പാലം സമീപവാര്‍ഡുകാര്‍ക്കും അടുത്ത പഞ്ചായത്ത് നിവാസികള്‍ക്കും പതിവായി ആശ്രയിക്കേണ്ട ഒന്നാണ്. 2023-24 വര്‍ഷത്തെ നഗരസഭ ബജറ്റില്‍ പാലം പുതുക്കി പണിയാൻ തുക വകയിരുത്തിയിരുന്നെങ്കിലും എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധന പോലും ഇതുവരെ നടന്നിട്ടില്ലെന്ന് സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ സി. സജിത്ത് പറഞ്ഞു.
പി.ഡബ്യു.ഡി റോഡല്ലാത്തതിനാല്‍ നഗരസഭ തന്നെ മുന്നിട്ടിറങ്ങി വേണം പ്രശ്‌നത്തിന് പരിഹാരം കാണാൻ. പാലം പുതുക്കി നിര്‍മിക്കാൻ നഗരസഭക്ക് താങ്ങാവുന്നതിലും വലിയ തുക ആവശ്യമായി വരുന്നതിനാല്‍ എം.എല്‍.എയോട് ശിപാര്‍ശ ചെയ്യാമെന്നാണ് കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അധികൃതര്‍ അറിയിച്ചതെന്നും സജിത്ത് പറഞ്ഞു.
അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുണ്ട് പാലത്തിന്. ഒരു ദുരന്തം സംഭവിക്കും മുമ്ബ് പാലം പുതുക്കി പണിയാൻ നടപടികള്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പുതുനഗരം ടൗണില്‍ ശുദ്ധജല പൈപ്പ് തകര്‍ന്ന് കുടിവെള്ളം റോഡില്‍ പാഴാകുന്നു
പുതുനഗരം ടൗണില്‍ പൈപ്പ് തകര്‍ന്ന് ശുദ്ധജലം റോഡില്‍
പുതുനഗരം: ടൗണില്‍ കുടിവെള്ള പൈപ്പ് തകര്‍ന്ന് ശുദ്ധജലം റോഡിലൂടെ ഒഴുകുമ്ബോഴും ജല അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും അനക്കമില്ല. പുതുനഗരം ടൗണില്‍ കൊല്ലങ്കോട് റോഡിലാണ് ഓടകള്‍ക്കകത്ത് നാലിടങ്ങളില്‍ പൈപ്പ് തകര്‍ന്ന് കുടിവെള്ളം പാഴാകുന്നത്.
നിരവധി തവണ വ്യാപാരികളും നാട്ടുകാരും ജല അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും ആരോഗ്യവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഓടകള്‍ക്കകത്താണ് പൈപ്പുകള്‍ തകര്‍ന്നത്. ഇതുമൂലം മലിനജലം ശുദ്ധജലവുമായി കലര്‍ന്ന് പകര്‍ച്ചവ്യാധികള്‍ക്ക് വഴിവെക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മൂന്നാഴ്ചയായിട്ടും തകര്‍ച്ച പരിഹരിക്കുവാൻ ബന്ധപ്പെട്ടവര്‍ തയാറാകാത്തത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍ ജല അതോറിറ്റി പൈപ്പാണ് തകര്‍ന്നതെന്നും ജല അതോറിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സുധീര ഇസ്മയില്‍ പറഞ്ഞു.
ജല അതോറിറ്റി പൈപ്പ് പണികള്‍ നടത്തിയില്ലെങ്കില്‍ പഞ്ചായത്ത് സ്വമേധയാ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി ഓടകള്‍ ശരിയാക്കി കുടിവെള്ള വിതരണം സുഗമമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് സുധീര ഇസ്മയില്‍ പറഞ്ഞു.