ഉയര്‍ന്ന ജലനിരപ്പ്; അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍
തിരുവല്ല: നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ ഇക്കുറി നെല്‍കൃഷി പ്രതിസന്ധിയില്‍. കനത്ത് പെയ്യുന്ന തുലാമഴയില്‍ പാടശേഖരങ്ങള്‍ വെള്ളത്തിലായതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
നവംബര്‍ ആദ്യവാരത്തില്‍ വിത്ത് വിതക്കുന്നതാണ് അപ്പര്‍ കുട്ടനാട്ടിലെ കൃഷിരീതി. ഇതിന് ഒരുമാസം മുമ്ബ് പാടം ഒരുക്കണം. ഒക്ടോബറിന് ശേഷം സാധാരണയായി ഈ മേഖലയില്‍ മഴ ശക്തിപ്രാപിക്കാറില്ല.
എന്നാല്‍, ഇക്കുറി നവംബര്‍ രണ്ടാം വാരം പിന്നിടുമ്ബോഴും പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് പാടശേഖരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം കൃഷി ഒരുക്കംതന്നെ വെള്ളത്തിലായ അവസ്ഥയാണ്. തുലാമഴ ശക്തമായതോടെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇതോടെ പാടശേഖരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിവിടാൻ മാര്‍ഗം ഇല്ലാതായി.
ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പാടത്തുനിന്നും വെള്ളം പമ്ബ് ചെയ്തുവിടാൻ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. മേഖലയിലെ വെള്ളം തോട്ടപ്പള്ളി സ്പില്‍വേ വഴിയാണ് ഒഴുക്കിവിടാറുള്ളത്. എന്നാല്‍, തോട്ടപ്പള്ളിയിലെ 41 ഷട്ടറുകളില്‍ 20 എണ്ണം മാത്രമാണ് നിലവില്‍ തുറന്നിരിക്കുന്നത്.
വേലിയേറ്റം വരുമ്ബോള്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടര്‍ അടക്കുകയും വേലിയിറക്ക സമയത്ത് തുറന്നുവെക്കുകയും ചെയ്താല്‍ കുറെയെങ്കിലും വെള്ളം ഒഴുകിപ്പോകും എന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, കടലിലെ ജലനിരപ്പിനെക്കാളും താഴ്ന്നാണ് ആറ്റിലെ ജലനിരപ്പെന്നാണ് ഹൈഡ്രോളജി വിഭാഗം അധികൃതര്‍ അറിയിച്ചത്.
തോട്ടപ്പള്ളി, തണ്ണീര്‍മുക്കം സ്പില്‍വേകളുടെ ഷട്ടറുകള്‍ തുറന്ന് മേഖലയിലെ ജലം ഒഴുക്കിവിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പര്‍ കുട്ടനാട് നെല്‍ കര്‍ഷക സമിതി നേതൃത്വത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പാടശേഖരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കി പാടം കൃഷിയോഗ്യമാക്കാൻ നിലവിലെ സാഹചര്യത്തില്‍ ഒരു മാസത്തോളം വേണ്ടിവരും. അത്രയും താമസിച്ച് വിത്ത് വിതച്ചാല്‍ കാലം തെറ്റിയെത്തുന്ന വേനല്‍മഴ കൃഷി നശിപ്പിക്കുമെന്ന ആശങ്കയും കര്‍ഷകരിലുണ്ട്. അതിനാല്‍ മേഖലയിലെ ഒട്ടനവധി പാടശേഖര സമിതികള്‍ ഈ വര്‍ഷത്തെ കൃഷി ഉപേക്ഷിച്ചു.
വരുന്ന 10 ദിവസത്തിനുള്ളിലെങ്കിലും പാടശേഖരങ്ങളിലെ വെള്ളം നീക്കം ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍ അപ്പര്‍ കുട്ടനാടൻ മേഖലയില്‍ കൃഷി പാടെ മുടങ്ങിയേക്കുമെന്നാണ് സൂചന.