ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും അപകടകരമായ അവസ്ഥയില്‍
ന്യൂഡല്‍ഹി: ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെയും സമീപ നഗരങ്ങളിലെയും വായുവിന്‍റെ ഗുണനിലവാരം വീണ്ടും അപകടകരമായ നിലയിലെത്തി.
കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) അപകടകരമായ നിലയിലെത്തി. ജഹാംഗീര്‍പുരി, ആര്‍കെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍, ബവാന, രോഹിണി എന്നിവിടങ്ങളിലും എ.ക്യു.ഐ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില സ്ഥലങ്ങളില്‍ 900 വരെ ഉയര്‍ന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 910, ലജ്പത് നഗറില്‍ 959, കരോള്‍ ബാഗില്‍ 779 എന്നിങ്ങനെയാണ് രാവിലെ ആറ് മണിയോടെ രേഖപ്പെടുത്തിയത്.
വായു ഗുണനിലവാരം കുറയുമ്ബോഴാണ് എ.ക്യു.ഐയില്‍ വര്‍ധനവുണ്ടാകുന്നത്. ദീപാവലി ദിവസം വൈകുന്നേരം വരെ ഡല്‍ഹിയിലെ ശരാശരി എ.ക്യു.ഐ 218 ആയിരുന്നു. ഡല്‍ഹിയില്‍ എട്ടുവര്‍ഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയില്‍ എത്തുന്നത്. ദീപാവലി ദിനം ഡല്‍ഹിയില്‍ തെളിഞ്ഞ ആകാശമായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ശ്വസിക്കുവാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ചൂട് കുറഞ്ഞത് അന്തരീക്ഷ മലിനീകരണത്തോത് വര്‍ധിപ്പിച്ചു. രാത്രിയോടെയാണ് അന്തരീക്ഷം മോശമായത്.
കര്‍ശന നിരോധനത്തിലും ഡല്‍ഹിയിലെ പല ഭാഗങ്ങളിലും ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചിട്ടുണ്ട്. ഇതുമൂലം ഡല്‍ഹിയിലെ വായു മലിനീകരണം വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദീപാവലി ദിനമായ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഡല്‍ഹിയിലെ എ.ക്യു.ഐ 218 ആയിരുന്നു. ഈ വര്‍ഷം ദീപാവലിക്ക് തൊട്ടുമുമ്ബ് ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ പുരോഗതിയുണ്ടായിരുന്നു. വ്യാഴാഴ്‌ച ദിവസം ശരാശരി എ.ക്യു.ഐ 437ആയിരുന്നു. ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ പ്രകാരം 2022 മുതല്‍ 2016 വരെ യഥാക്രമം 312, 382, 414, 337, 281, 319, 431 എന്നിങ്ങനെയായിരുന്നു ഡല്‍ഹിയിലെ എ.ക്യു.ഐ. മാത്രമല്ല വൈക്കോല്‍ കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
ബേരിയം അടങ്ങിയ പടക്കങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ജനങ്ങളുടെ ആരോഗ്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബറില്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ പടക്ക നിരോധനത്തില്‍ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു. ഒക്‌ടോബര്‍ 28 മുതല്‍ രണ്ടാഴ്ചക്കാലം ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലായിരുന്നു. ഈ കാലയളവില്‍ പുകമഞ്ഞില്‍ മൂടപ്പെട്ട നിലയിലായിരുന്നു രാജ്യം.
അതേസമയം ദീപാവലിക്ക് മുൻപ് ചെറിയ രീതിയിലുള്ള മഴയും മറ്റു അനുകൂല കാലാവസ്ഥകളും കാരണം വായുവിന്‍റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. ശനിയാഴ്ച കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 15 കിലോമീറ്ററായി ഉയരുമെന്നും ഇത് ദീപാവലിക്ക് മുമ്ബ് മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നും മലിനീകരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.