കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.ഐ മുൻ ജില്ല എക്സിക്യൂട്ടീവ് അംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ എൻ.ഭാസുരാംഗനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം വീട്ടിലും ബാങ്കിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാവിലെ 11ഓടിയ എത്തിയ ഇദ്ദേഹത്തെ മണിക്കൂറുകള്‍ ചോദ്യം ചെയ്തു.

കണ്ടല ബാങ്കില്‍ നടന്നത് തട്ടിപ്പല്ലെന്നും ക്രമക്കേട് മാത്രമാണെന്നും ഇത് തെളിയിക്കേണ്ടിടത്ത് തെളിയിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയ ഭാസുരാംഗൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴി രേഖപ്പെടുത്താനാണ്. സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.

ബാങ്കിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി 35 മണിക്കൂര്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇവരില്‍ പലരും നല്‍കിയ മൊഴികളും നിര്‍ണായകമായി. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം വന്ന ഭാസുരാംഗൻ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം വീട്ടിലേക്കു മടങ്ങിയിരുന്നു. ഭാസുരാംഗനെയും മകൻ അഖില്‍ജിത്തിനെയും ഒരുമിച്ചിരുത്തിയും വിവരങ്ങള്‍ തേടിയിരുന്നു.

അതിനിടെ തട്ടിപ്പില്‍ നടപടികള്‍ കടുപ്പിച്ച്‌ ഇ.ഡി, ബാങ്കിലെ പരിശോധന പൂര്‍ത്തിയാക്കി. ബാങ്കില്‍ വൻ നിക്ഷേപമുള്ള മൂന്നു പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ബാങ്കില്‍നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പിടിച്ചെടുത്ത അന്വേഷണസംഘം കമ്ബ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്ക്, സി.പി.യു അടക്കവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇ.ഡി, അഖില്‍ജിത്തിന്റെ ആഡംബര കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.