അമ്മയുടെ അനൗണ്‍സ്മെന്റ്; ശബ്ദസന്ദേശത്തില്‍ മകളുടെ വിവാഹം ക്ഷണിക്കല്‍

നീലേശ്വരം: വ്യത്യസ്തമായ വിവാഹം ക്ഷണിക്കല്‍ ആളുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ അമ്മ ശബ്ദ സന്ദേശത്തിലൂടെ ക്ഷണിച്ച്‌ വേറിട്ട വഴിയില്‍ സഞ്ചരിച്ച്‌ വ്യത്യസ്തമാകുന്നു.

മകളുടെ വിവാഹം ക്ഷണിക്കാൻ അമ്മ അനൗണ്‍സ്മെന്റ് രൂപത്തില്‍ തയാറാക്കിയ ശബ്ദ സന്ദേശമാണ് ശ്രദ്ധേയമായത്.

നീലേശ്വരം പട്ടേന നീരൊഴുക്കില്‍ അമ്മു നിലയത്തിലെ ഗീതറാവുവാണ് വേറിട്ട ഈ പരീക്ഷണം നടത്തിയത്. ഗീതറാവു – അശോകൻ മൈലിട്ടയുടെയും മകള്‍ എം. ശ്രീലക്ഷ്മിയുടെ വിവാഹം നവംബര്‍ 19ന് പടിഞ്ഞാറ്റംകൊഴുവല്‍ എൻ.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുകയാണ്. മാതമംഗലം പാണപ്പുഴ പറവൂര്‍ തായലെപുരയില്‍ ഹൗസിലെ ടി.പി. ഗോപാലന്റെയും സി. ബീനയുടെയും മകൻ ആര്‍മിയില്‍ ജോലിചെയ്യുന്ന ഗോകുലാണ് വരൻ.

വിവാഹം അറിയിക്കാനായി കുടുംബ സുഹൃത്തായ പ്രശസ്ത അനൗണ്‍സര്‍ കരിവെള്ളൂര്‍ രാജനെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹമാണ് വേറിട്ട ആശയം പറഞ്ഞത്.

ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് കരിവെള്ളൂരിലെ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെത്തി അനൗണ്‍സ്മെന്റ്‌ രൂപത്തില്‍ വിവാഹക്ഷണം തയാറാക്കി റെക്കോഡ്‌ ചെയ്തു. ബന്ധുക്കള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ക്കും ബന്ധപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മകള്‍ക്കുമെല്ലാം ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി.

വിവിധ ഭാഗങ്ങളില്‍നിന്ന് അഭിനന്ദനങ്ങളും പ്രശംസയും കിട്ടിയതോടെ വിവാഹ ക്ഷണപത്രത്തിനൊപ്പം ശബ്ദസന്ദേശവും എല്ലാവര്‍ക്കും നല്‍കി. നീലേശ്വരം സര്‍വിസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയാണ് ഗീത. ഭര്‍ത്താവ് അശോകൻ ഫിലിം റപ്രസന്റേറ്റീവാണ്. മകള്‍ ശ്രീലക്ഷ്മി എൻ.എസ്.സി ബാങ്കിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ്.