ദുരൂഹം മല്‍പെ കൂട്ടക്കൊല: വീട്ടില്‍ നിന്ന് സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടില്ല-എസ്.പി
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു.അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങള്‍ ആരംഭിച്ച അന്വേഷണത്തില്‍ ചൊവ്വാഴ്ച തുമ്ബൊന്നും കിട്ടിയില്ല.കൊല നടന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, പണം, വിലപിടിപ്പുള്ള സാധനങ്ങള്‍ ഒന്നും നഷ്ടമാവാത്തതിനാല്‍ അക്രമി കവര്‍ച്ച ഉന്നമിട്ടില്ലെന്ന് ഉറപ്പിക്കാനാവുമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.അരുണ്‍ പറഞ്ഞു.
പക തീര്‍ക്കാൻ നടത്തിയ കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം എന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്ബതിനും ഇടയില്‍ കൊല്ലപ്പെട്ടത് .നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജിറ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.ശുചിമുറിയില്‍ കയറി അകത്തു നിന്ന് പൂട്ടിയാണ് ഇവര്‍ അക്രമിയുടെ വാള്‍മുനയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോറിക്ഷയില്‍ താനാണ് 45 തോന്നിക്കുന്ന അക്രമിയെ കൂട്ടക്കൊല നടന്ന നെജറു തൃപ്തി ലേഔട്ടിലെ ഹസീന റസിഡന്റ്സ് ഗേറ്റില്‍ വിട്ടതെന്ന് ശാന്തെകട്ടെ സ്റ്റാന്റിലെ ഡ്രൈവര്‍ ശ്യാം പൊലീസിന് മൊഴി നല്‍കിയിരുന്നു.15 മിനിറ്റിനകം തിരിച്ചെത്തിയ അക്രമി മറ്റൊരു റിക്ഷയില്‍ തിടുക്കത്തില്‍ സ്ഥലം വിട്ടു എന്നും പറഞ്ഞു.