ആംബുലൻസില്‍ നിന്ന് പരിക്കേറ്റവരെയടക്കം അറസ്റ്റ് ചെയ്തു; തുല്‍കറമില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചുവെന്ന് റെഡ് ക്രസന്റ്
ഗസ്സ: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍സേന കനത്ത ആക്രമണം തുടരുന്നതായി ഫലസ്തീൻ റെഡ് ക്രസന്റ്. റെഡ് ക്രെസന്റിന്റെ സംവിധാനങ്ങള്‍ക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്.
ആംബുലൻസില്‍ നിന്ന് പരിക്കേറ്റവരെ പോലും ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തുവെന്ന് റെഡ് ക്രെസന്റ് ട്വിറ്ററിലൂടെ അറിയിച്ചു. തുല്‍കറമിലെ അഭയാര്‍ഥി ക്യാമ്ബിലേക്കുള്ള അടിസ്ഥാന സൗകര്യവും ഇസ്രായേല്‍ തകര്‍ത്തു. ഇതുമൂലം ആംബുലൻസുകള്‍ക്ക് ക്യാമ്ബിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റെഡ് ക്രസന്റ് വ്യക്തമാക്കി.
ഗസ്സയിലെ പകുതിയിലധികം ആശുപത്രികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. 36 ആശുപത്രികളില്‍ 22 എണ്ണവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ധന ക്ഷാമം, ഇസ്രായേല്‍ ആക്രമണത്തില്‍ ഗുരുതര തകരാര്‍, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഗസ്സയില്‍ ഉടൻ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. അടിയന്തര ശസ്ത്രക്രിയ നടത്താനും രോഗികളെ ചികിത്സിക്കാനുമുള്ള സംവിധാനം ആശുപത്രികളില്‍ ഉണ്ടാക്കണം. സിവിലിയൻമാരേയും ആരോഗ്യസംവിധാനത്തേയും സംരക്ഷിക്കണം. മനുഷ്യാവകാശ നിയമങ്ങളെ ബഹുമാനിക്കാൻ എല്ലാവരും തയാറാവണമെന്നും ലോകാരോഗ്യ സംഘടന ട്വീറ്റില്‍ ആവശ്യപ്പെട്ടു.
ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ഗസ്സയിലെ എല്ലാ ആശുപത്രികളും അടുത്ത 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗസ്സയിലെ ആരോഗ്യ സംവിധാനം, പ്രത്യേകിച്ച് വടക്കൻ മേഖലയില്‍ ഇതിനകം തന്നെ പ്രവര്‍ത്തനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അഷ്റഫ് അല്‍ ഖുദ്ര അറിയിച്ചു.ഗസ്സയിലെ രണ്ടു പ്രധാന ആശുപത്രികളായ അല്‍ ശിഫയും അല്‍ ഖുദ്സും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
ഇസ്രായേല്‍ സൈന്യത്തിന്‍റെ നിര്‍ദേശപ്രകാരം നവംബര്‍ അഞ്ചു മുതല്‍ ഇതുവരെ വടക്കൻ ഗസ്സയില്‍നിന്ന് തെക്കൻ മേഖലയിലേക്ക് രണ്ടുലക്ഷം ഫലസ്തീനികള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. ജനം കൂട്ടത്തോടെ ക്യാമ്ബുകളിലേക്ക് എത്തുന്നതും വെള്ളം, ഭക്ഷണം എന്നിവയുടെ ക്ഷാമവും ആശങ്ക വര്‍ധിപ്പിക്കുന്നതായി യു.എൻ പ്രതിനിധികള്‍ പറയുന്നു. പലരും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാൻ നിര്‍ബന്ധിതരാകുകയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ജലജന്യരോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.