രാജ്യത്ത് നിലവില്‍ 80 ശതമാനത്തിലധികം ഓഹരികൾ കൈവശമുള്ള പൊതുമേഖലാ ബാങ്കുകളുടെ 5-10 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നീ ആറ് ബാങ്കുകളിൽ സർക്കാരിന് 80 ശതമാനത്തിലധികം ഓഹരിയുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ആണ് സർക്കാർ ആലോചന.
ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ ആറ് ബാങ്കുകളിൽ ഏറ്റവും വലുത്. നിലവിലെ വിപണി മൂല്യം വച്ചുനോക്കിയാൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം ഓഹരി വിറ്റാൽ 4,400 കോടി രൂപ സർക്കാരിന് നേടാനാകും. കൂടാതെ, ഈ ആറ് ബാങ്കുകളിൽ രണ്ടെണ്ണത്തിൽ ഓഹരി പങ്കാളിത്തം 26 ശതമാനമാക്കി കുറച്ചാൽ സർക്കാരിന് 28,000 മുതല്‍5 4,000 കോടി രൂപ വരെ സമാഹരിക്കാം. വലിയ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചാൽ സർക്കാരിന് കൂടുതൽ പണം സ്വരൂപിക്കാൻ കഴിയും.
പൊതുമേഖലാ ബാങ്കുകളുടെ ആസ്തി 2022-23 ൽ 9.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022-23 കാലയളവിൽ ആദ്യമായി, പൊതുമേഖലാ ബാങ്കുകളുടെ മൊത്തം അറ്റാദായം ഒരു ട്രില്യൺ കവിഞ്ഞു, മുൻ സാമ്പത്തിക വർഷത്തേക്കാൾ 57 ശതമാനം ആണ് വർധന. ഈ ലാഭത്തിന്റെ 50 ശതമാനവും എസ്ബിഐയുടെ സംഭാവനയാണ്. നിഷ്‌ക്രിയ ആസ്തികൾ കുറച്ചതും പൊതുമേഖലാ ബാങ്കുകളുടെ മുന്നേറ്റത്തിന് സഹായകരമായി.
നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ 6.9 ശതമാനം നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഈ വർഷം 34 ശതമാനമാണ് ഉയർന്നത്.