പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി: ആഗോള കരാറിന് രൂപം നല്‍കാൻ കെനിയൻ സമ്മേളനം

നൈറോബി: കടലും കരയും അതിവേഗം വിഴുങ്ങാനൊരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ ഭീഷണി മറികടക്കാൻ ആഗോള കരാറിന് രൂപംനല്‍കാനായി കെനിയയില്‍ ലോക രാജ്യങ്ങളുടെ സമ്മേളനത്തിന് തുടക്കം.

തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ പങ്കെടുക്കും.

രാജ്യാന്തര ഒത്തുതീര്‍പ്പ് സമിതി (ഐ.എൻ.സി) കഴിഞ്ഞ മേയില്‍ പാരിസില്‍ സംഘടിപ്പിച്ച ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് കെനിയയില്‍ വീണ്ടും ചേരുന്നത്. സമ്മേളനം 17 വരെ നീണ്ടുനില്‍ക്കും. പ്ലാസ്റ്റിക് ഉല്‍പാദനം നിയന്ത്രിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ പറഞ്ഞു.

പ്രതിവര്‍ഷം 40 കോടി മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പുനരുല്‍പാദനമെന്ന് യു.എൻ പരിസ്ഥിതി ഏജൻസി പറയുന്നു. ഓരോ വര്‍ഷവും 1.4 മെട്രിക് ടണ്‍ കടലിലെത്തുമ്ബോള്‍ അവശേഷിച്ചവ കരയില്‍തന്നെ ഉപേക്ഷിക്കപ്പെടുന്നു.

ഇതുസംബന്ധിച്ച്‌ മൂന്നാം റൗണ്ട് ചര്‍ച്ചയാണ് കെനിയൻ തലസ്ഥാനമായ നൈറോബിയില്‍ പുരോഗമിക്കുന്നത്. 2022ല്‍ മാര്‍ച്ചില്‍ വിവിധ സര്‍ക്കാറുകള്‍ ചേര്‍ന്ന് 2023 അവസാനത്തോടെ പ്ലാസ്റ്റിക് നിയന്ത്രണ കരാര്‍ പ്രാബല്യത്തിലാക്കാൻ തീരുമാനമെടുത്തിരുന്നു. പ്ലാസ്റ്റിക് ഉല്‍പാദനമടക്കം നിയന്ത്രിക്കണമോ അതോ പ്ലാസ്റ്റിക് മാലിന്യത്തിന് മുൻഗണന വേണോ എന്നതാകും നൈറോബി സമ്മേളനത്തിലെ ഒന്നാം പരിഗണന.

സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ ഓരോ രാജ്യത്തിനും സ്വാതന്ത്ര്യം നല്‍കുന്ന ‘പാരിസ് മാതൃക’ ഉടമ്ബടി വേണമെന്ന് ഇന്ത്യ, യു.എസ്, ചൈന അടക്കം രാജ്യങ്ങള്‍ പറയുമ്ബോള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഏകീകൃത പ്രതിബദ്ധത നിഷ്‍കര്‍ഷിക്കുന്ന ആഗോള കരാര്‍ വേണമെന്ന് ആഫ്രിക്കയും മറ്റു വികസ്വര രാജ്യങ്ങളും ആവശ്യപ്പെടുന്നു. 2024 അവസാനമാകുമ്ബോഴേക്ക് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ഔദ്യോഗിക കരാര്‍ പ്രാബല്യത്തിലാക്കുകയാണ് ലക്ഷ്യം.