സഹപാഠിയുടെ ജീവൻ രക്ഷിച്ച വിദ്യാര്‍ഥിക്ക് ആദരം

ഷാര്‍ജ: അബദ്ധത്തില്‍ കോയിൻ വിഴുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ സഹപാഠിയുടെ ജീവൻ രക്ഷിച്ച സ്കൂള്‍ വിദ്യാര്‍ഥിക്ക് ഷാര്‍ജ പൊലീസിന്‍റെ ആദരം.

നാലാം ക്ലാസുകാരൻ അലി മുഹമ്മദ് ബിൻ ഹരിബ് അല്‍ മുഹൈരിയുടെ സന്ദര്‍ഭോചിത ഇടപെടലാണ് സഹപാഠിയുടെ ജീവൻ രക്ഷിച്ചത്. അല്‍ ഹംറിയ ഏരിയയിലെ അല്‍ ക്വാലിയ പ്രൈമറി സ്കൂളില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ബ്രേക് ടൈമില്‍ കളിച്ചുകൊണ്ടിരിക്കെ സഹപാഠി ശ്വാസംകിട്ടാതെ പിടയുന്നത് കണ്ട മുഹൈരി ഓടിയെത്തുകയും കാര്യമന്വേഷിക്കുകയുമായിരുന്നു.

വായിലേക്ക് വിരല്‍ചൂണ്ടിയ സുഹൃത്ത് ശ്വാസംകിട്ടുന്നില്ലെന്ന് ആംഗ്യം കാണിച്ചു. എന്തോ വിഴുങ്ങിയതാണെന്ന് മനസ്സിലാക്കിയ അലി സുഹൃത്തിന്‍റെ വയറ്റില്‍ ശക്തിയായി അമര്‍ത്തുകയും ഇതോടെ കുട്ടി കോയിൻ ഛര്‍ദിക്കുകയുമായിരുന്നു. അലിയുടെ ധീരമായ നടപടി അറിഞ്ഞ സ്കൂള്‍ അധികൃതര്‍ അഭിനന്ദിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഷാര്‍ജ പൊലീസ് കുട്ടിയെ ആദരിക്കാൻ തീരുമാനിച്ചത്. ഷാര്‍ജ പൊലീസ് കമാൻഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ശംസിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അലിയുടെ പിതാവും പങ്കെടുത്തു.