ഉമ്മയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി എയര്‍ഇന്ത്യ ജീവനക്കാരൻ; ഉന്നമിട്ടത് ഐനാസിനെയെന്ന് മൊഴി
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാൻഡില്‍.
ചൊവ്വാഴ്ച പിടിയിലായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ(39) ഉഡുപ്പി ജില്ല കോടതിയാണ് 14 ദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് പ്രതിയെ ഹാജരാക്കിയത്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്ബതിനും ഇടയില്‍ കൊല്ലപ്പെട്ടത്. അരുണിനെ ബുധനാഴ്ച ഉച്ചക്ക് ഉഡുപ്പി കോടതിയില്‍ ഹാജരാക്കും എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം.
പുലര്‍ച്ചെ മുതല്‍ ജില്ല പൊലീസ് ഓഫീസിന് മുന്നിലും കോടതി പരിസരത്തും വൻ സുരക്ഷ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 25 എഎസ്‌ഐ, അഞ്ച് എസ്‌ഐ, മൂന്ന് ഇൻസ്പെക്ടര്‍മാര്‍, 150 കോണ്‍സ്റ്റബിള്‍മാര്‍, ആറ് കമ്ബനി സായുധ സേന വിഭാഗങ്ങള്‍ എന്നിവയാണ് വിന്യസിച്ചത്.
എന്നാല്‍ പ്രതി അരുണ്‍ ഛൗഗലെയെ രഹസ്യ സങ്കേതത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനാല്‍ പിന്നീട് ഹാജരാക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഐനാസ്(21) എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസ് ആയിരുന്നു. അതേ കമ്ബനിയില്‍ കാബിൻ ജീവനക്കാരനാണ് അരുണ്‍ ഛൗഗലെ.
ഐനാസിനോടുള്ള പകവീട്ടാനാണ് കൊല നടത്തിയതെന്നും തടയാൻ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരേയും അപായപ്പെടുത്തേണ്ടിവന്നുവെന്നും അരുണ്‍ പറഞ്ഞതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ കുമാര്‍ അറിയിച്ചു. പ്രതി വിവാഹിതനാണ്. പകവീട്ടലിന് പിന്നില്‍ കള്ളക്കടത്താണോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. മഹാരാഷ്ട്ര പൊലീസ് സേനയില്‍ അരുണ്‍ ജോലി ചെയ്തിരുന്നു. ആ സേവനകാലത്തെ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് എസ്.പി പറഞ്ഞു.