അമല്‍ ജോയി യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്
കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എ ഗ്രൂപ്പിന് ആധിപത്യം. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റായി മുൻ കെ.എസ്.യു ജില്ല പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ അമല്‍ ജോയി വിജയിച്ചു.
സുല്‍ത്താൻബത്തേരി നിയോജകമണ്ഡലം പ്രസിഡന്റായി എ ഗ്രൂപ്പിലെ കെ.എം. നൗഫല്‍, കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡന്റായി എ ഗ്രൂപ്പിലെ ഡിന്റോ ജോസ്, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റായി ഐ ഗ്രൂപ്പിലെ അസീസ് വാളാട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖും ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും സഹായിക്കാതിരുന്നിട്ടും യൂത്ത് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് മികച്ച വിജയം നേടാൻ കഴിഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി ജമീര്‍ പള്ളിവയല്‍, അരുണ്‍ ദേവ്, സംസ്ഥാന സെക്രട്ടറിമാരായി ലയണല്‍ മാത്യു, സി.എം. ലിനീഷ് ജിജോ പൊടിമറ്റം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സുല്‍ത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അമ്ബലവയല്‍, നെന്മേനി, നൂല്‍പ്പുഴ, വടക്കനാട്, ചീരാല്‍, പുല്‍പള്ളി മണ്ഡലം കമ്മിറ്റികള്‍ എ ഗ്രൂപ്പും മീനങ്ങാടി, സുല്‍ത്താൻബത്തേരി, ഇരളം മണ്ഡലങ്ങള്‍ കെ.സി ഗ്രൂപ്പും പൂതാടി,വാകേരി, തോമാട്ട്ചാല്‍, മുള്ളൻകൊല്ലി മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പും നേടി.
കല്‍പറ്റ നിയോജകമണ്ഡലത്തില്‍ മുട്ടില്‍, മേപ്പാടി, കല്‍പറ്റ മുനിസിപ്പാലിറ്റി, കണിയാമ്ബറ്റ, വൈത്തിരി മണ്ഡലങ്ങള്‍ എ ഗ്രൂപ്പും പടിഞ്ഞാറത്തറ, മൂപ്പൈനാട്, പൊഴുതന ഐ ഗ്രൂപ്പും തരിയോട്, വെങ്ങപ്പള്ളി മണ്ഡലങ്ങള്‍ കെ.സി ഗ്രൂപ്പും വിജയിച്ചു. കല്‍പറ്റ മണ്ഡലത്തില്‍ ടി. സിദ്ദീഖ് പിന്തുണച്ച സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ, കെ.എല്‍. പൗലോസ്, കെ. കെ. വിശ്വനാഥൻ എന്നിവര്‍ ഐ ഗ്രൂപ്പിനും കെ.ഇ. വിനയൻ, സംഷാദ് മരക്കാര്‍, പി.പി. ആലി എന്നിവര്‍ എ ഗ്രൂപിനും വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.