വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റം നടത്തിയ കുട്ടികള്‍
കൊച്ചി: ഒരു വയസുകാരി ഇഷ മെഹറിന്‍, പതിമൂന്നുകാരന്‍ ആദില്‍ മുഹമ്മദ്, ഒമ്ബതു വയസുകാരി പാര്‍വതി ഷിനു, ആറു വയസുകാരന്‍ ഹെനോക് ഹര്‍ഷന്‍, ഒമ്ബതു വയസുകാരി ആന്‍ മരിയ എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തില്‍ ഒത്തുചേര്‍ന്നത് ഒരു ലക്ഷ്യത്തിനായാണ്.
ഡിസംബര്‍ ഒമ്ബതിന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ ഭാഗമായി ഹൈകോടതി ജെട്ടിയില്‍നിന്ന് വൈപ്പിന്‍ വരെയും തിരിച്ചുമുള്ള വാട്ടര്‍ മെട്രോ യാത്രയില്‍ പങ്കെടുത്തുകൊണ്ട് അവയവദാനമെന്ന മഹത്തായ സന്ദേശമാണ് ഈ കുട്ടികള്‍ സമൂഹത്തിന് പകര്‍ന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ആശംസകളുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം എന്നിവരുമെത്തി. മിക്കവരും ഇതാദ്യമായാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത്.
രക്ഷിതാക്കള്‍ക്കും ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം വേമ്ബനാട് കായലിന്റെ ഓളപ്പരപ്പില്‍ പ്രകൃതിരമണീയമായ കാഴ്ചകള്‍ കണ്ടുള്ള വാട്ടര്‍ മെട്രോ യാത്ര കുട്ടികള്‍ ഏറെ ആസ്വദിച്ചു. ഡിസംബര്‍ ഒമ്ബതിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ലുലുമാള്‍ എന്നിവിടങ്ങളിലായാണ് ട്രാന്‍സ് പ്ലാന്‍റ് ഗെയിംസ് നടക്കുക. അവയവദാതാക്കളും സ്വീകര്‍ത്താക്കളും മരണാനന്തരം അവയവദാനം നടത്തിയവരുടെ ബന്ധുക്കളുമാണ് ഗെയിംസില്‍ പങ്കെടുക്കുക. ഗെയിംസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് www.transplantgameskerala.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഗെയിംസില്‍ സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- വിനു ബാബുരാജ്- 8075492364, 9847006000.