ജയിലിലും ഗുണ്ടാപ്പക: സുരക്ഷ ശക്തമാക്കാൻ നിര്‍ദേശം
തൃശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായി. കഴിഞ്ഞ ദിവസം കാപ്പ നിയമം ചുമത്തി വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ച അന്തിക്കാട് സ്വദേശിയായ ഗുണ്ടാത്തലവൻ സിയാദിനു (32) നേരെ മറ്റൊരു സംഘത്തിന്റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ ഒമ്ബതുപേര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ച ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും തിരുവനന്തപുരത്തെ ഗുണ്ട നേതാവ് കാട്ടുമണി രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് അന്തിക്കാട് സ്വദേശിക്ക് നേരെയും ആക്രമണമുണ്ടായത്.
കവര്‍ച്ചയും വധശ്രമവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സിയാദ്. അന്തിക്കാട് മുറ്റിച്ചൂര്‍ പടിയം പള്ളിയില്‍ സനല്‍ (25), താന്ന്യം തെക്കൂട്ട് ശ്രീരാഗ് (33) എന്നിവര്‍ക്ക് സിയാദുമായുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. അന്തിക്കാട്ടെ ചില പ്രശ്നങ്ങളാണ് മുൻവൈരാഗ്യത്തിന് കാരണം. ജയിലില്‍ വെച്ച് കൂടെ ചേര്‍ത്തവരാണ് മറ്റു പ്രതികള്‍. സനല്‍, ശ്രീരാഗ് എന്നിവരെ കൂടാതെ ദേവികുളം പുളിക്കരവയല്‍ ആനക്കല്‍പെട്ടി സൂര്യ (26), കോട്ടയം കവണാറ്റിൻകര ശരണ്യാലയത്തില്‍ സച്ചു ചന്ദ്രൻ (26), എറണാകുളം മുളന്തുരുത്തി ഇല്ലത്തുപറമ്ബില്‍ കാര്‍ത്തിക് (30), കണ്ണൂര്‍ വാരണശേരി കോരത്ത് അതുല്‍ ജോണ്‍ (28), കൊല്ലം തട്ടാൻമല മാഹിൻ (22), കണ്ണൂര്‍ അണ്ടത്തോട് ശബന്നൂരില്‍ മുഹമ്മദ് റീസ (26), കണ്ണൂര്‍ ചാല അലിയാസില്‍ സാദ് അഷ്റഫ് (27) എന്നിവര്‍ക്കെതിരെയുമാണ് വിയ്യൂര്‍ പൊലീസ് കേസെടുത്തത്.
കാപ്പ വെരിഫിക്കേഷനായി ജയിലിന്റെ ഇന്നര്‍ ഗേറ്റിന് സമീപം തനിച്ചെത്തിയപ്പോഴാണ് സനലിന്റെയും ശ്രീരാഗിന്റെയും നേതൃത്വത്തില്‍ ആക്രമിച്ചത്. സിയാദിനെ അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടിയ ശേഷം കല്ലും വടിയും ഉപയോഗിച്ച് തലക്കടിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു. ആക്രമണം കണ്ട് ജയില്‍ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തി. കൂടുതല്‍ പേരെത്തിയാണ് സിയാദിനെ രക്ഷിച്ചത്. ഇവര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷ സാധ്യതയുണ്ടെന്ന് ജയിലധികൃതര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊടി സുനിയും കാട്ടുമണി രഞ്ജിത്തും അടങ്ങുന്ന 10 തടവുകാരെ സംഘര്‍ഷത്തിന് പിന്നാലെ ജയില്‍ മാറ്റിയിരുന്നു.
എന്നാല്‍, തടവുകാര്‍ തമ്മിലെ ഏറ്റുമുട്ടലിന് കുറവൊന്നുമില്ല. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് സുരക്ഷ ശക്തമാക്കാൻ ജയില്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.