കോഴിക്കോട് എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷം:അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രിയുടെ നിര്‍ദേശം

കോഴിക്കോട്: എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കി.

അടിയന്തിരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സ്കൂള്‍ കാമ്ബസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാൻ കഴിയാത്തത് ആണെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്ക് പറ്റി. എന്‍.ടി.യു. ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍.ടി.യു. ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ, ഇയാള്‍

ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിച്ചു.