എരുമേലിയില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി; മുന്നൊരുക്കങ്ങള്‍ പാളി
എരുമേലി: മണ്ഡലകാല മഹോത്സവത്തിന്‍റെ ഭാഗമായി പ്രധാന ഇടത്താവളമായ എരുമേലിയിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. ബുധനാഴ്ച വൈകിട്ടോടെ പേട്ടതുള്ളല്‍ പാതയില്‍ തീര്‍ഥാടകര്‍ പേട്ടതുള്ളി തുടങ്ങി.
തീര്‍ഥാടക വാഹനങ്ങള്‍ എരുമേലിയില്‍ എത്തിത്തുടങ്ങിയതോടെ താത്ക്കാലിക കടകളും ഭക്ഷണശാലകളും പ്രവര്‍ത്തനം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി എരുമേലി ഡിപ്പോയില്‍നിന്നും പമ്പയിലേക്ക് വ്യാഴാഴ്ച മുതല്‍ സ്പെഷല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. മറ്റ് വകുപ്പുകള്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങുന്നതോടെ സജീവമാകും.
എന്നാല്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങുമ്ബോഴും മുന്നൊരുക്കങ്ങള്‍ പ്രഹസനമായി മാറുന്നതായാണ് നാട്ടുകാരുടെ ആരോപണം. തീര്‍ഥാടകപാതകള്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി പാതയോരത്തെ കാടുകള്‍ തെളിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും ഇത് പേരിന് മാത്രമാണെന്നാണ് ആക്ഷേപം. റോഡിലെയും ഓരങ്ങളിലെയും കുണ്ടുംകുഴിയും ഇനിയും അപകടക്കെണിയൊരുക്കി കാത്തിരിക്കുന്നു. തീര്‍ഥാടകര്‍ എത്തിത്തുടങ്ങുന്നതിന്
ഒരുദിവസം മുമ്പ് മാത്രമാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷൻ അടച്ചുകെട്ടി കുഴി അടക്കല്‍ ആരംഭിച്ചത്.
എന്നാല്‍ ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ ടാറിങ് വെള്ളത്തിലായെന്നാണ് യാത്രക്കാര്‍ പറയുന്നത്. തീര്‍ഥാടകര്‍ എത്തിത്തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുമാത്രം ആരംഭിക്കുന്ന മുന്നൊരുക്കങ്ങള്‍ അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.