തേരിന്‍റെ കാഴ്ചച്ചന്തം
ഉത്സവത്തിനെത്തുന്ന കല്‍പാത്തിയുടെ ആഹ്ലാദവര്‍ണങ്ങള്‍ ഏറ്റവും പ്രതിഫലിക്കുന്നത് രഥങ്ങളിലാണ്. കണ്ടവരുടെ മനസ്സില്‍ മായക്കാഴ്ചയായി തങ്ങിനില്‍ക്കുന്ന രഥങ്ങള്‍.
തമിഴ്നാട് മധുര, കാശി ഭാഗങ്ങളില്‍നിന്ന് കേരളത്തിലെത്തിയ തരകര്‍ പണിക്കര്‍ വിഭാഗമാണ് തേരുകള്‍ക്ക് ചമയം തയാറാക്കുന്നത്. ജില്ലയില്‍ കൊടുവായൂര്‍, കൊല്ലങ്കോട്, പാലക്കാട്, വിത്തനശ്ശേരി, അഴിയന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. തുലാമാസം മുതല്‍ മേടമാസം വരെയാണ് തേരുകളുടെ സീസണ്‍.
ഗോപുര രൂപത്തിലുള്ള തേരിന് ചന്തമേകുന്നത് 21 അലങ്കാരങ്ങള്‍ കൊണ്ടാണ്. സോപാനപ്പടി (ദേവകള്‍ക്ക് മുന്നിലെ ചവിട്ടുപടി), പടിച്ചട്ടം (ദേവകള്‍ക്ക് മുന്നില്‍ ക്ഷേത്രരൂപത്തിലുള്ള നിര്‍മിതി), ഗോപുരവാതില്‍ (ദേവകള്‍ക്ക് മുന്നിലുള്ള വാതില്‍), ചെവി (തേരിന് വശങ്ങളിലുള്ള ചിത്രങ്ങള്‍) എന്നിങ്ങനെയാണ് തേരിന്റെ ഭാഗങ്ങള്‍. ദ്വാരപാലകര്‍, ഗരുഡക്കൂട്, പൊന്തുമാല, കൊടികള്‍, കളര്‍മാല, പൂപ്പലക, സര്‍പ്പരൂപങ്ങള്‍, പഞ്ചവര്‍ണക്കിളി രൂപങ്ങള്‍, മുള്‍വട്ടം, സാധാവട്ടം, കുതിരകള്‍ എന്നിങ്ങനെ അലങ്കാരങ്ങള്‍ തേരിന് മാറ്റുകൂട്ടുന്നു. കാറ്റില്‍ ഇളകിയാടുന്ന വെളുത്ത നെട്ടിമാലകളാണ് തേരിന്റെ ഭാവങ്ങളിലൊന്ന്. രഥത്തില്‍ ഘടിപ്പിച്ച് വളയങ്ങളില്‍ തട്ടുകളായാണ് മാലകള്‍ തൂക്കിയിടുക. 40 അടിവരെ ഉയരമുള്ള തേരുകളില്‍ ഭൂരിഭാഗവും അലങ്കരിക്കുക നെട്ടിമാലകൊണ്ടാണ്. ഇളകിയാടുന്ന മാലകള്‍ക്കിടയിലൂടെ ദേവതക്ക് കുളിര്‍മയും ശുദ്ധവായുവും ലഭിക്കുമെന്നാണ് വിശ്വാസം.
വ്രതശുദ്ധിയോടെ കാത്തിരിപ്പ്
വ്രതശുദ്ധിയോടെയാണ് കല്‍പാത്തി ദേവരഥസംഗമത്തിനായി നാട് കാത്തിരിക്കാറ്. ആയിരക്കണക്കിന് ഭക്തരുടെ പ്രാര്‍ഥനാമന്ത്രങ്ങള്‍ അകമ്ബടിയാവുന്ന തേരുമുട്ടിയിലെ ദേവരഥസംഗമമാണ് ലക്ഷ്യം. ആ കാഴ്ച കണ്ടുതൊഴാനാണ് ഇനിയുള്ള പ്രയാണം. ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ദേവരഥങ്ങള്‍ വിശാലാക്ഷീ സമേത ശ്രീ വിശ്വനാഥ സ്വാമിയെയും ശ്രീ മഹാഗണപതി സ്വാമിയെയും വള്ളീ ദേവസേനാ സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയെയും വഹിച്ച് ഗ്രാമവീഥികളിലൂടെ അനുഗ്രഹം ചൊരിയുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പ്. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവ ചേരുന്നതാണ് കല്‍പാത്തി രഥോത്സവം.
പുണ്യമായെത്തുന്ന തേരുകള്‍
രഥോത്സവത്തിന് ദേവകുടുംബങ്ങള്‍ എഴുന്നള്ളുന്ന തേരുവലിക്കുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വാസം. ഈ പുണ്യപ്രവൃത്തിയില്‍ പങ്കാളികളാവാൻ പതിനായിരങ്ങളാണ് ഇക്കുറി കല്‍പാത്തിയുടെ വീഥികളില്‍ അണിനിരക്കുന്നത്. അത്രമേല്‍ക്കുണ്ട് കല്‍പാത്തിയുടെ പേരും പെരുമയും. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തേരുവലിക്കാൻ അണിനിരക്കുമ്ബോള്‍ വടംപിടിക്കാൻ പോലും ഭക്തര്‍ തിരക്കുകൂട്ടും.