വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികള്‍ മന്ത്രിയെ തടഞ്ഞു; സംഘര്‍ഷം

കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.22 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് ആരോപിച്ച്‌ ഒരു വിഭാഗം തൊഴിലാളികള്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും വിസില്‍ എം.ഡി ദിവ്യ എസ്.അയ്യരെയും തടഞ്ഞു.

ബുധനാഴ്ച രാവിലെ കോവളത്തെ അനിമേഷൻ സെന്ററില്‍ നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തിയത്. വിതരണം മാറ്റിവെക്കണമെന്നും നോര്‍ത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാക്കേജില്‍ തീരുമാനം ഉണ്ടായശേഷം ഒരുമിച്ച്‌ വിതരണം ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തീരുമാനം ഉടൻ ഉണ്ടാക്കാമെന്നും നഷ്ടപരിഹാര വിതരണം തടസ്സപ്പെടുത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഇതിനിടെ മന്ത്രി ചടങ്ങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചതോടെ പ്രതിഷേധക്കാരും തള്ളിക്കയറാൻ ശ്രമിച്ചു. ഇതു തടഞ്ഞതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മന്ത്രിയുടെ കാറിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച്‌ നീക്കി. സംഘര്‍ഷാവസ്ഥയറിഞ്ഞ് കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ സ്ഥലത്തെത്തി കോവളം ജങ്ഷനില്‍ ബൈപാസ്
ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് ഫോര്‍ട്ട് എ.സി.പി എസ്. ഷാജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ് സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, ഡെപ്യൂട്ടി കമീഷണര്‍ നിതിൻ രാജ് എന്നിവര്‍ എത്തി ജമാഅത്ത് പ്രസിഡന്റ് യു. ഷാഫി, സെക്രട്ടറി അബു സാലി, നഗരസഭ കൗണ്‍സിലര്‍ നിസാമുദ്ദീൻ, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ 24ന് ചര്‍ച്ച നടത്തി പാക്കേജ് സംബന്ധിച്ച്‌ തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ പ്രതിഷേധക്കാര്‍ ഉപരോധം അവസാനിപ്പിച്ചു.

വിഴിഞ്ഞം നോര്‍ത്ത് മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായെത്തിയത്.

തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട വിഴിഞ്ഞം നോര്‍ത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കാത്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മേഖലയിലെ 1500 ഓളം വരുന്ന കരമടി തൊഴിലാളികള്‍ക്കും 450 ഓളം വരുന്ന ചിപ്പി തൊഴിലാളികള്‍ക്കുമാണ് പാക്കേജ് ലഭിക്കാനുള്ളതെന്നും ചിപ്പിതൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് നാമമാത്രമായ തുകയാണ് നല്‍കിയതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.