തുരങ്കത്തില്‍ അവര്‍ 40പേര്‍; രക്ഷാപാതയൊരുക്കുന്നു

ഉത്തര കാശി: ഉത്തരാഖണ്ഡില്‍ ചാര്‍ധാം പാതയിലെ സില്‍ക്യാര തുരങ്കം ഇടിഞ്ഞ് ആറുദിവസം മുമ്ബ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കി.

കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന് അവശിഷ്ടങ്ങള്‍ നീക്കി. ആകെ 60 മീറ്ററാണ് തടസ്സം നീക്കേണ്ടത്. ഇതിലൂടെ 900 മില്ലിമീറ്റര്‍ വ്യാസവും ആറു മീറ്റര്‍ നീളവുമുള്ള 10 ഇരുമ്ബ് പൈപ്പുകള്‍ കടത്തിയാണ് രക്ഷാപാതയൊരുക്കുന്നത്. ഈ പൈപ്പുകളിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കുക.

വെള്ളിയാഴ്ച അഞ്ചാമത്തെ പൈപ്പാണ് അകത്ത് കടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് 165 പേരാണുള്ളത്. രാത്രിയിലും തുരങ്കത്തിലെ മണ്ണ് നീക്കുന്നുണ്ട്. ഒരു മണിക്കൂറില്‍ നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ തുരക്കാൻ ഡ്രില്ലിങ് യന്ത്രത്തിന് സാധിക്കും. എന്നാല്‍, പൈപ്പുകള്‍ അടുക്കിവെക്കാനും വെല്‍ഡ് ചെയ്യാനും കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ പ്രതീക്ഷിച്ചപോലെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നില്ല. ഡീസല്‍ യന്ത്രമായതും വേഗം കുറയാൻ കാരണമാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാൻ ഇന്ദോറില്‍നിന്ന് വ്യോമമാര്‍ഗം മറ്റൊരു ഡ്രില്ലിങ് യന്ത്രവും എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ച 5.30നാണ് മണ്ണിടിച്ചിലുണ്ടായത്.

മകൻ പറഞ്ഞു; ആശങ്ക വേണ്ട അച്ഛാ

മനോധൈര്യം നഷ്ടപ്പെടാതിരിക്കാൻ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി വാക്കിടോക്കി ഉപയോഗിച്ച്‌ കുടുംബാംഗങ്ങള്‍ ഇടക്ക് സംസാരിക്കുന്നുണ്ട്. തുരങ്കത്തിലുള്ള മകനുമായി സംസാരിച്ചെന്നും ആശങ്കപ്പെടേണ്ടെന്ന് അവൻ പറഞ്ഞെന്നും ഉത്തര്‍പ്രദേശ് സ്വദേശി വ്യക്തമാക്കി. തുരങ്കമുഖത്തുനിന്ന് 270 മീറ്റര്‍ അകലെയാണ് മണ്ണിടിഞ്ഞത്. തുരങ്ക നിര്‍മാണ സമയത്ത് ഉപയോഗിച്ചിരുന്ന ചെറിയ പൈപ്പിലൂടെയാണ് തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവുമെത്തിക്കുന്നതെന്നും അവര്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഓക്സിജന്റെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യവും അസുഖവുമുണ്ടായതിനെ തുടര്‍ന്ന് രണ്ടു തൊഴിലാളികള്‍ക്ക് മരുന്നെത്തിച്ചിരുന്നു. അമേരിക്കൻ നിര്‍മിതമായ പുതിയ ഡ്രില്ലിങ് യന്ത്രം വ്യോമ മാര്‍ഗമാണ് എത്തിച്ചത്. 2018ല്‍ തായ് ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്ബാള്‍ പരിശീലകനെയും സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ ഇവിടെ എത്തിക്കുന്നതും പരിഗണനയിലുണ്ട്. രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്കായി ആറു കിടക്കകളുള്ള താല്‍കാലിക ആശുപത്രിയും 10 ആംബുലൻസുകളും വിദഗ്ധ ഡോക്ടര്‍മാരും തുരങ്കത്തിന് പുറത്ത് സജ്ജമാക്കിയിട്ടുണ്ട്.