കാത്തിരിക്കാൻ പ്രദീപനും മകനും ഇനി ആരുമില്ല
കൊച്ചി: ജീവനുതുല്യം സ്നേഹിച്ചിരുന്ന പൊന്നുപെങ്ങള്‍ കേരളം നടുങ്ങിയ കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ അന്നുതന്നെ ഈ ലോകത്തോട് വിടപറഞ്ഞതും ദിവസങ്ങളോളം വേദനയോട് മല്ലിട്ട് പ്രിയപ്പെട്ട അമ്മ അവള്‍ക്കുപിന്നാലെ പോയതുമൊന്നും അറിയാതെ ഒടുവില്‍ അവനും യാത്രയായി.
സ്ഫോടനത്തില്‍ ഗുരുതര പരിക്കുകളോടെ ദിവസങ്ങളോളം വെൻറിലേറ്ററില്‍ കിടന്ന കാലടി മലയാറ്റൂര്‍ കടവൻകുഴി വീട്ടില്‍ പ്രദീപന്‍റെ മൂത്ത മകൻ പ്രവീണാണ് (24) പിതാവിന്‍റെയും സഹോദരന്‍റെയും പ്രാര്‍ഥനകളും പ്രതീക്ഷകളുമെല്ലാം വിഫലമാക്കി വ്യാഴാഴ്ച അര്‍ധരാത്രി മരണത്തിന് കീഴടങ്ങിയത്. ഇതോടെ അഞ്ചുപേരുണ്ടായിരുന്ന കുടുംബത്തില്‍ രണ്ടുപേര്‍ മാത്രമായി. പ്രദീപനും ഇളയ മകൻ രാഹുലുമാണ് കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത്. സ്ഫോടനത്തില്‍ ആകെ മരിച്ച ആറുപേരില്‍ മൂന്നുപേരും ഈ കുടുംബത്തില്‍നിന്നുള്ളവരാണ്.
പ്രദീപന്‍റെ 12 വയസ്സുള്ള ഇളയമകള്‍ ലിബിനയുടെ ജീവൻ സ്ഫോടനം നടന്ന ഒക്ടോബര്‍ 29ന് അര്‍ധരാത്രിതന്നെ പൊലിഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്രദീപന്‍റെ ഭാര്യ റീന ജോസ് എന്ന സാലി (45) കഴിഞ്ഞ ശനിയാഴ്ച രാത്രിയും മരിച്ചു. അപ്പോഴൊക്കെയും ഇതൊന്നുമറിയാതെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെൻറിലേറ്ററില്‍ കഴിയുകയായിരുന്നു പ്രവീണ്‍. അവനെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കിലെന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു കഴിയുകയായിരുന്നു പ്രദീപൻ. സ്ഫോടനത്തില്‍ പരിക്കേറ്റ് അടുത്തിടെവരെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രാഹുലിനും ചേട്ടനെ ജീവനോടെ കിട്ടണേയെന്ന പ്രാര്‍ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയെയും സഹോദരിയെയും രക്ഷിക്കുന്നതിനിടെയാണ് പ്രവീണിന് ദേഹമാസകലം പൊള്ളലേറ്റത്.
പ്രിയപ്പെട്ട മകളുടെ ജീവൻ നഷ്ടമായപ്പോള്‍തന്നെ ജീവിതമാകെ തകര്‍ന്ന നിലയിലായിരുന്നു പ്രദീപൻ. രണ്ടാഴ്ചക്കകം ഭാര്യകൂടി വിടപറഞ്ഞതോടെ മനോവ്യഥ ഇരട്ടിയായി. ഇതിനു പിന്നാലെയാണ് ഒരാഴ്ചയാവും മുമ്ബേ മൂത്ത മകനും ഓര്‍മയാവുന്നത്. ആരോടും ഒന്നും മിണ്ടാനാകാതെ, തളര്‍ന്നും തകര്‍ന്നും ഇടക്ക് കണ്ണീരു വാര്‍ത്തും നീറുന്ന പ്രദീപൻ ഒപ്പമുള്ളവര്‍ക്കെല്ലാം നോവാവുകയാണ്.