മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചു- അരവിന്ദ് കെജ്രിവാള്‍

ചണ്ഡീഗഡ്: മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.

ഭഗവന്ത് മുൻ സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികാസ് ക്രാന്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ലോക്സഭ മണ്ഡലത്തില്‍ 867 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. മണ്ഡലത്തിന് ചരിത്രപരമായ ദിവസമാണിതെന്നും കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ മറ്റൊരു സര്‍ക്കാറും ഇത്തരം വികസന പദ്ധതിക്ക് തുടക്കമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ്, ജലവിതരണ, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, കളിസ്ഥലങ്ങള്‍, മറ്റ് വികസന പദ്ധതികള്‍ എന്നിവയൊക്കെ 867 കോടിയുടെ പാക്കേജിനുള്ളില്‍ വരുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

ഹോഷിയാര്‍പൂര്‍ മണ്ഡലത്തിലെ എം.പി സോം പ്രകാശ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങളെ കണ്ടിട്ടുണ്ടോ എന്നും മുൻ മുഖ്യമന്ത്രി അമരേന്ദര്‍ സിങ് മണ്ഡലത്തില്‍ മുഖം കാണിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ എന്നും 10 വര്‍ഷം ഭരണത്തിലുണ്ടായിരുന്ന പ്രകാശ് സിങ് ബാദല്‍ എന്നെങ്കിലും ഹോഷിയാര്‍പൂരില്‍ വന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഭഗവന്ത് മൻ നിരവധി തവണ മണ്ഡലത്തില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വിപ്ലവം വരാൻ പോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.