Fincat

2014 മുതല്‍ ഡീപ് ഫേക്കുകളെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു – കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡീപ്പ് ഫേക്കുകളെ കുറിച്ച്‌ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ 2014 മുതല്‍ തങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്ന വാദവുമായി കോണ്‍ഗ്രസ്.

“പ്രധാനമന്ത്രി ഡീപ് ഫേക്കുകളെ കുറിച്ച്‌ ഇപ്പോഴാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് തന്നെയാണ് കോണ്‍ഗ്രസ് 2014മുതല്‍ ഉന്നയിക്കുന്നത്”- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ ദിവസം എ.ഐ സംവിധാനം ഉപയോഗിച്ച്‌ നിര്‍മിച്ചെടുക്കാവുന്ന ഡീപ് ഫേക്ക് ചിത്രങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ഡീപ് ഫേക്കുകളെ കുറിച്ച്‌ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ ഗര്‍ബ നൃത്തം കളിക്കുന്നതിന്‍റെ എ.ഐ ഉപയോഗിച്ച്‌ നിര്‍മിച്ചെടുത്ത വീഡിയോ കണ്ടിരുന്നുവെന്നും അത് വ്യാജമാണെന്നും മോദി പറഞ്ഞു.

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ബ്രിട്ടീഷ് ഇന്ത്യൻ വംശജയായ സ്ത്രീയുടെ വീഡിയോയെ എ.ഐ സംവിധാനം ഉപയോഗിച്ച്‌ രശ്മികയുടേതെന്ന പോലെ മാറ്റിയായിരുന്നു പ്രചരണം. ഡീപ് ഫേക്കുകള്‍ അപകടകാരികളാണെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.