മുഖ്യമന്ത്രിക്ക് കത്തെഴുതി; ഒമ്പതാം ക്ലാസുകാരിക്ക് ക്ലിഫ് ഹൗസില്‍ ആഗ്രഹ സാഫല്യം

കടയ്ക്കല്‍: കളര്‍ പെൻസില്‍കൊണ്ട് വരച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അദ്ദേഹത്തെ നേരില്‍ക്കാണിച്ച്‌ ഒപ്പിട്ടുവാങ്ങി സൂക്ഷിക്കണമെന്ന ഒമ്പതാം ക്ലാസുകാരിയുടെ മോഹം കഴിഞ്ഞദിവസം ക്ലിഫ് ഹൗസില്‍ സഫലമായി.

കടയ്ക്കല്‍ കുറ്റിക്കാട് സി.പി ഹയര്‍സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനി മാളവിക മുഖ്യമന്ത്രിക്കെഴുതിയ കത്താണ് മുഖ്യമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിനൊപ്പമിരിക്കാൻ ചിത്രകാരിക്ക് അവസരമൊരുക്കിയത്.

‘സ്നേഹബഹുമാനം നിറഞ്ഞ മുഖ്യമന്ത്രിയപ്പൂപ്പന്’ എന്നു തുടങ്ങി സ്വയം പരിചയപ്പെടുത്തുന്ന കത്തില്‍ തന്റെ മോഹം ചിത്രകാരി വിശദമായി എഴുതി. ഒരു വ്യക്തിയുടെ ചിത്രം മാളവിക വരച്ചത് ആദ്യമായാണ്. നിറഞ്ഞ ചിരിയോടെ അരികില്‍ വിളിച്ചിരുത്തി കുശലമന്വേഷിച്ച്‌ മാളവികയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആത്മാര്‍ഥതയുള്ള കത്തിന്റെ അംഗീകാരമാണീ അഭിനന്ദനമെന്ന് മാളവിക പറയുന്നു.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് മാളവികയിലെ ചിത്രകാരി ഉണര്‍ന്നത്. യൂട്യൂബില്‍നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് അവള്‍ വരച്ചത് നൂറിലേറെ ചിത്രങ്ങള്‍. എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ പഠിക്കാനുണ്ടായിരുന്ന കെ. സുരേന്ദ്രന്റെ അനുഭവക്കുറിപ്പിലെ പ്രധാനകഥാപാത്രമായ ‘അമ്മമ്മ’യെ വരയിലേക്കാവാഹിച്ചത് കഥാകൃത്തിന്റെയുള്‍പ്പെടെ അഭിനന്ദനങ്ങള്‍ക്കര്‍ഹമായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങള്‍ കണ്ട് മന്ത്രി ജെ. ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഗോപിനാഥ് മുതുകാട്, നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ, ആര്‍ട്ടിസ്റ്റ് ഭട്ടതിരി, കവയിത്രി സുലേഖ കുറുപ്പ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ അഭിനന്ദനങ്ങള്‍ മാളവികയെ തേടിയെത്തിയിട്ടുണ്ട്.

കടമ്പട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ മലയാളാധ്യാപകനും മാന്ത്രികനുമായ ഷാജു കടയ്ക്കലിന്റെയും കൊല്ലായില്‍ എസ്.എൻ.യു.പി സ്കൂള്‍ അധ്യാപിക അനിതയുടെയും മകളാണ് മാളവിക. സഹോദരി ഗോപിക ചിത്രകാരിയും ഷാഡോപ്ലേ ആര്‍ട്ടിസ്റ്റും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ഒന്നാംവര്‍ഷ ജേണലിസം വിദ്യാര്‍ഥിയുമാണ്.