അന്തരീക്ഷ മലിനീകരണം കുറഞ്ഞു; ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും.

സ്‌കൂളുകള്‍ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രഭാത അസംബ്ലികള്‍ക്കും ഒരാഴ്ചത്തേക്ക് നിരോധനം ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെയാക്കിയത്. നവംബര്‍ ഒമ്ബതു മുതല്‍ 18വരെയാണ് അവധി പ്രഖ്യാപിച്ചത്.

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ മലിനീകരണം വീണ്ടും രൂക്ഷമാകുമെന്ന് കണക്കാക്കിയാണ് നേരത്തെ അവധി നല്‍കിയത്. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന്‌ ക്ലാസുകളിലേറെയും ഓണ്‍ലൈനിലേക്ക് മാറിയിരുന്നു. ഡല്‍ഹി സര്‍ക്കാരും കാണ്‍പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും നടത്തിയ സംയുക്ത പഠനത്തില്‍, ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ളവയാണെന്ന് വിലയിരുത്തി.