കൊച്ചിയിലേക്ക് ഒഴുകുന്നു എം.ഡി.എം.എ
കൊച്ചി: അന്വേഷണങ്ങളും അറസ്റ്റും സജീവമാണെങ്കിലും മാരക മയക്കുമരുന്നായ എം.ഡി.എം.എയുടെ കൊച്ചിയിലേക്കുള്ള ഒഴുക്ക് നിലക്കാതെ തുടരുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ ലക്ഷങ്ങളുടെ എം.ഡി.എം.എയാണ് പൊലീസും എക്സൈസും ജില്ലയില്‍ പിടികൂടിയത്. ഒരിക്കല്‍ കേസില്‍ അകപ്പെട്ടയാള്‍ വീണ്ടും മയക്കുമരുന്നുമായി പിടികൂടിയ സംഭവമടക്കം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കടവന്ത്രയില്‍ ഏതാനും ദിവസം മുമ്ബ് നടന്ന എക്സൈസ് മിന്നല്‍ പരിശോധനയില്‍ ലഹരി മാഫിയയുടെ മുഖ്യകണ്ണിയാണ് കുടുങ്ങിയത്.
9.053ഗ്രാം എം.ഡി.എം.എയാണ് ഇയാളുടെ പക്കല്‍ അറസ്റ്റിലാകുമ്ബോള്‍ ഉണ്ടായിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ ഒരു ഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് കൊച്ചിയിലേക്ക് മുഖ്യമായും ഈ ലഹരി എത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഒരു ഗ്രാമിന് 2500 രൂപക്ക് ബംഗളൂരുവില്‍ നിന്ന് വാങ്ങി കൊച്ചിയില്‍ കൊണ്ട് വന്ന് ഏകദേശം 4000 മുതല്‍ 6000 രൂപ വരെ നിരക്കിലാണ് കൊച്ചിയില്‍ വില്‍പന.
പിടിക്കപ്പെടാതിരിക്കാൻ പയറ്റുന്നത് പല വഴികള്‍
പൊലീസിന്‍റെ ‘വല’യില്‍ അകപ്പെടാതിരിക്കാൻ ലഹരികടത്ത് സംഘങ്ങള്‍ നേരിട്ടുള്ള ഇടപാടുകള്‍ കുറച്ച്, പകരം ആവശ്യക്കാര്‍ക്ക് വിവിധ സോഷ്യല്‍ ആപ്പുകള്‍ വഴിയും ഇടനിലക്കാര്‍ മുഖാന്തിരവും വിതരണം ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. സംശയിക്കാതിരിക്കാൻ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ മുൻനിര്‍ത്തി കച്ചവടം നടത്തുന്നവരുമുണ്ട്. നഗരത്തിലെ ആഢംബര ഹോട്ടലില്‍ നിന്ന് 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ ഏതാനും ദിവസം മുമ്ബ് പൊലീസ് പിടിയിലായിരുന്നു.
ആയുധങ്ങളടക്കമാണ് മയക്കുമരുന്ന് മാഫിയയുടെ സഞ്ചാരമെന്നും സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നു. നഗരത്തിലെ വിവിധ ഓയോ ഹോട്ടലിലും ലോഡ്ജിലും നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുകള്‍ക്കൊപ്പം എയര്‍ പിസ്റ്റലും പിടിച്ചെടുത്തിരുന്നു. ഇരുചക്രവാഹനങ്ങളിലും കാറുകളിലും നഗരം ചുറ്റി ലഹരി എത്തിക്കുന്ന സംഘങ്ങളുമുണ്ട്.
കൂടിയ അളവില്‍ എം.ഡി.എം.എ കൊറിയര്‍ സര്‍വിസ് വഴി ബംഗളൂരുവില്‍നിന്ന് വാങ്ങി കവറുകളിലാക്കി ആവശ്യക്കാര്‍ പറയുന്നിടത്ത് എത്തിക്കുന്ന രീതിയുമുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വെച്ച പൊതികളുടെ ഫോട്ടോ ഇടപാടുകാര്‍ക്ക് അയച്ചുകൊടുത്താണ് തുടര്‍ന്നുള്ള ഇവരുടെ ഡെലിവറി. കൊറിയര്‍ വഴിയുള്ള ലഹരി കടത്ത് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ അകപ്പെട്ടവരെയും കൂട്ടാളികളെയും കേന്ദ്രീകരിച്ചും നിരന്തര നിരീക്ഷണം തുടരുകയാണ് ഉദ്യോഗസ്ഥര്‍.
കൊച്ചി സിറ്റി പൊലീസ് ബംഗളൂരുവില്‍
എം.ഡി.എം.എ മാഫിയയെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി സിറ്റി പൊലീസ് സംഘം ബംഗളൂരുവില്‍. കഴിഞ്ഞ ദിവസം പിടിയിലായ അമല്‍നായരുമായി(പപ്പടവട അമല്‍) ബന്ധപ്പെട്ട കേസന്വേഷണത്തിന്‍റെ ഭാഗമായാണ് എറണാകുളം സൗത്ത് പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അവിടെ ലഹരിമാഫിയയുമായി ബന്ധപ്പെട്ട ആഫ്രിക്കൻ സംഘത്തിലേക്ക് അന്വേഷണം നീളുന്നതായാണ് വിവരം. അമല്‍ നായര്‍ക്ക് അവരില്‍ നിന്നാണ് എം.ഡി.എം.എ ലഭിച്ചിരുന്നതെന്നാണ് സൂചനകള്‍. വിശദമായ തെളിവെടുപ്പും അന്വേഷണവുമാണ് നടക്കുന്നത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരം ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്.